കോഴിക്കോട്: അയൽ ജില്ലയിൽ ജനവാസ മേഖലയിൽ നരഭോജി കടുവ വിലസിയപ്പോൾ വനംവകുപ്പ് മന്ത്രി കോഴിക്കോട് ഫാഷൻ ഷോ വേദിയിൽ പാട്ടുപാടിയത് വൻ വിമർശനങ്ങൾക്കാണ് വഴിവച്ചത്. സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി. ആർക്കെങ്കിലും വിഷമം ഉണ്ടായെങ്കിൽ പ്രത്യേകമായി ശ്രദ്ധിക്കാമെന്നാണ് എകെ ശശീന്ദ്രൻ പറഞ്ഞത്.
വിമർശനം ഉയർന്നപ്പോൾ ശ്രദ്ധിക്കണമായിരുന്നുവെന്ന് തോന്നുന്നു. ഇനി ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുമെന്നും ശശീന്ദ്രൻ പ്രതികരിച്ചു. പൊതുപ്രവർത്തകൻ എന്ന നിലയിൽ അത്തരം നിരീക്ഷണങ്ങളെ ഗൗരവമായി കണക്കിലെടുക്കും. തിരുത്തുന്നത് നല്ലതാണെന്നാണ് വിശ്വസിക്കുന്നത്. തിരുത്താനുണ്ടെങ്കിൽ തിരുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിൽ മൂന്ന് ദിവസത്തിന് ശേഷം മന്ത്രിയെത്തി. നാട്ടുകാരുടെ ഭാഗത്ത് നിന്ന് വൻ പ്രതിഷേധമാണ് ഉയർന്നത്. പ്രതിഷേധക്കാർ മന്ത്രിക്ക് നേരെ കരിങ്കൊടി വീശി. പൊലീസും നാട്ടുകാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. രാധ വനത്തിനുള്ളിൽ പ്രവേശിച്ചപ്പോഴാണ് കടുവ ആക്രമിച്ചതെന്നാണ് മന്ത്രി പറഞ്ഞത്. ഈ പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് ജനങ്ങൾ റോഡ് ഉപരോധിച്ചത്. പ്രസ്താവന പിൻവലിച്ച് കുടുംബത്തോടും നാട്ടുകാരോടും മാപ്പ് പറയണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.
പൊലീസിന്റെ സുരക്ഷാ വലയത്തിലായിരുന്നു മന്ത്രി രാധയുടെ വീട്ടിലെത്തിയത്. മന്ത്രി വീട്ടിനുള്ളിൽ കയറിയതും പൊലീസ് വാതിൽ അടച്ചു. കുടുംബാംഗങ്ങളുമായി മന്ത്രി സംസാരിക്കുകയാണ്. പുറത്ത് പ്രതിഷേധക്കാർ തടിച്ചുകൂടിയിട്ടുണ്ട്.