ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ വ്യത്യസ്തമായി ഉത്തർ പ്രദേശിന്റെ നിശ്ചലദൃശ്യം. മഹാകുംഭമേളയുടെ മഹത്വം വിളിച്ചോതുന്ന പ്രദർശനമാണ് യോഗി സർക്കാർ പ്രദർശനത്തിനെത്തിച്ചത്. പാലാഴി മഥനവും അമൃത കലശവും ത്രിവേണി സംഗമത്തിലെ പുണ്യസ്നാനവും പരേഡിൽ ദൃശ്യമായിരുന്നു.
പൈതൃകവും വികസനവും സമന്വയിക്കും വിധത്തിലുള്ള പ്രദർശനം കാണികളുടെ മനം കവർന്നു. ടാബ്ലോയുടെ മുൻവശത്ത് അമൃതകലശത്തിന്റെ പതിപ്പ് മുന്നോട്ട് ചരിഞ്ഞിരിക്കുന്നു. അതിൽ നിന്ന് പവിത്രമായ അമൃതധാര ഒഴുകുന്നതാണ് മുൻപിൽ നിന്നുള്ള ദൃശ്യം. ഇതിന് ചുറ്റും സാധുക്കളും സന്യാസിമാരും ശംഖ് ഊതുന്നു. ചിലർ കൈകൾ കൂപ്പി ധ്യാനിക്കുന്നു. ചിലർ പുണ്യസ്നാനം ചെയ്യുന്നതും പ്രദർശനത്തിലുണ്ട്. അമൃതസ്നാനത്തിനൊരുങ്ങുന്ന ഭക്തരുടെ ചിത്രങ്ങൾ ചുവർചിത്രങ്ങളിലൂടെയും എൽഇഡി സ്ക്രീനുകളിലൂടെയുമാണ് ചിത്രീകരിച്ചിരിക്കുന്നത്.
സംരംഭകത്വത്തിലൂടെയും സ്വാശ്രയത്വത്തിലൂടെയും സ്ത്രീകളുടെ സാമ്പത്തിക ശീലം പ്രോത്സാഹിപ്പിക്കുന്ന ‘ലാക്പതി ദീദി യോജന’ എന്ന ഗ്രാമവികസന മന്ത്രാലയത്തിന്റെ ടാബ്ലോയാണ് മറ്റൊരു പ്രധാന ആകർഷണം. ഐഎൻസ് സൂറത്ത്, ഐഎൻഎസ് നീലഗിരി, ഐഎൻഎസ് വാഗ്ഷീർ എന്നീ കപ്പലുകളുടെ മാതൃകയും സമുദ്രസുരക്ഷയിൽ രാജ്യത്തിന്റെ പുരോഗതിയും സൂചിപ്പിക്കുന്നതായിരുന്നു നാവികസേനയുടെ ടാബ്ലോ.
ഇന്ത്യയിലെ ബാങ്കിംഗ് സേവനങ്ങളുടെ പുരോഗതിയും വികസനവുമാണ് ധനമന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തിക സേവന വകുപ്പ് പ്രദർശിപ്പിച്ച നിശ്ചലദൃശ്യം. ചീറ്റപ്പുലികളുടെ പുനരധിവാസമാണ് മധ്യപ്രദേശിന്റെ ടാബ്ലോ. രത്തൻ ടാറ്റയെ അനുസ്മരിച്ചാണ് ഝാർഖണ്ഡ് നിശ്ചലദൃശ്യം അവതരിപ്പിച്ചത്. കാലാവസ്ഥ വകുപ്പിന്റെ 150-ാം വാർഷികമാണ് ഭൗമശാ്സ്ത്ര മന്ത്രാലയം അവതരിപ്പിച്ച ടാബ്ലോ.
ഈ വർഷത്തെ റിപ്പബ്ലിക് ദിനു പരേഡ് നാരിശക്തി കേന്ദ്രീകരിച്ചായിരുന്നു. അസിസ്റ്റൻ്റ് കമാൻഡൻ്റ് ഐശ്വര്യ ജോയ് എം നേതൃത്വം നൽകുന്ന സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിന്റെ (CRPF) വനിതാ ഉദ്യോഗസ്ഥരാണ് പരേഡിൽ മാർച്ച് ചെയ്തത്. നക്സൽ വിരുദ്ധ, കലാപ വിരുദ്ധ പ്രവർത്തനങ്ങളിലും ക്രമസമാധാന പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന വനിതാ സൈനികർ ഉൾപ്പെടെ 148 അംഗ സംഘമാണ് മാർച്ച് ചെയ്തത്. മാതൃ പരിചരണവും സ്ത്രീകളുടെ നേതൃത്വവും ഊന്നിപ്പറയുന്ന ടാബ്ലോയാണ് വനിതാ ശിശു വികസന മന്ത്രാലയം അവതരിപ്പിച്ച നിശ്ചലദൃശ്യം.















