തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമടങ്ങിയ കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചതിന്‌റെ പേരില്‍ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 5600 രൂപ പിഴയടച്ചു.
പൊതുനിരത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്ന കോടതിയുത്തരവ് കാറ്റില്‍പ്പറത്തി കൊണ്ടാണ് സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സംഘടനയുടെ കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചത്. സെക്രട്ടേറിയറ്റിന്റെ കന്റോണ്‍മെന്റ് ഗേറ്റിന് സമീപമാണ് മുഖ്യമന്ത്രിയുടെ കട്ടൗട്ടോട് കൂടിയ ബോര്‍ഡ് നടപ്പാതയില്‍ സ്ഥാപിച്ചത്. സി.പി.എം. അനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനാണ് ബോര്‍ഡ് സ്ഥാപിച്ചത്. സംഘടനയുടെ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടതായിരുന്നു ബോര്‍ഡ്. മുഖ്യമന്ത്രിക്ക് പുറമേ സി.പി.എം. ജില്ലാ സെക്രട്ടറി വി.ജോയി എം.എല്‍.എ.യുടെ ചിത്രവും ബോര്‍ഡിലുണ്ടായിരുന്നു.
നിയമം നടപ്പാക്കേണ്ട ഉദ്യോഗസ്ഥര്‍തന്നെ ഫ്‌ളക്‌സ് വച്ചത് നീതീകരിക്കാനാവില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അനധികൃതമായി ഫ്‌ലക്‌സ് സ്ഥാപിച്ചതിന് സംഘടനയുടെ പ്രസിഡന്റ് പി ഹണിയെയും പ്രവര്‍ത്തകനായ അജയകുമാറിനെയും പോലീസ് പ്രതിചേര്‍ത്ത് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഫ്ലക്സ് സ്ഥാപിച്ചത് പൊതുജനങ്ങൾക്ക് മാർഗ തടസമുണ്ടാക്കുന്ന രീതിയിലാണെന്നും കാൽനടയാത്രക്കാർക്ക് ഇതുമൂലം ബുദ്ധിമുട്ടുണ്ടെന്നും അമിക‍്യസ്‌ക‍്യുറി പറഞ്ഞു.
വിവാദമായതോടെ ഫ്‌ളക്‌സ് നഗരസഭ നീക്കം ചെയ്തു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ കോര്‍പ്പറേഷന്‍ പ്രത്യേകം സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു.