മാനന്തവാടി: നരഭോജി കടുവയ്‌ക്ക് എന്താണ് സംഭവിച്ചതെന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ അറിയാൻ സാധിക്കൂവെന്ന് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (സിസിഎഫ്) ദീപ. ഇന്ന് പുലർച്ചെ 12.30-ഓടെ പിലാക്കാവിലേക്ക് പോകുന്ന മൂന്ന് റോഡ് ഭാഗത്ത് കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു. റോഡരികിലായിരുന്നു കടുവയെ കണ്ടത്. തുടർന്ന് ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം പട്രോളിംഗ് ആരംഭിച്ചിരുന്നുവെന്ന് ദീപ പറഞ്ഞു.
മയക്കുവെടി വയ്‌ക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഓടിമറയുകയായിരുന്നു. ഇതിന് ശേഷമാണ് കടുവയെ അവശനിലയിൽ കണ്ടെത്തിയത്. രാത്രി 2.30-യോട് കൂടിയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ മുറിവുകളുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കൂവെന്നും സിസിഎഫ് ദീപ മാദ്ധ്യമങ്ങളോട് പറഞ്ഞു.
പിലാക്കാവിലേക്ക് പോകുന്ന മൂന്ന് റോഡ് എന്ന സ്ഥലത്ത് നിന്നാണ് ജഡം ലഭിച്ചത്. ചത്തത് ആളെക്കൊല്ലി കടുവ തന്നെയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. കുപ്പാടിയിലാകും കടുവയുടെ പോസ്റ്റ്‌മോർട്ടം നടത്തുക.