ഡെറാഡൂൺ: ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമാകാനൊരുങ്ങി ഉത്തരാഖണ്ഡ്. സ്വതന്ത്ര ഇന്ത്യയിൽ യുസിസി നടപ്പാക്കുന്ന പ്രഥമ സംസ്ഥാനമെന്ന ബഹുമതിയാണ് ഇതോടെ ഉത്തരാഖണ്ഡിനെ തേടിയെത്തുന്നത്. ഇന്നുമുതൽ (ജനുവരി 27) രാജ്യത്ത് യുസിസി നിലവിൽ വരുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു. ജാതി, മതം, ലിംഗം എന്നിവയെ അടിസ്ഥാനപ്പെടുത്തി വിവേചനം കാണിക്കുന്ന എല്ലാ നിയമങ്ങളും നീക്കം ചെയ്ത് യുസിസി നടപ്പാക്കുന്നത് സമൂഹത്തിൽ ഏകത കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിവാഹം, വിവാഹമോചനം, സ്വത്ത്, അനന്തരാവകാശം, ദത്തെടുക്കൽ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങൾ എല്ലാ പൗരന്മാർക്കും ഏകീകൃതമാക്കുക എന്നതാണ് യൂണിഫോം സിവിൽ കോഡിന്റെ ലക്ഷ്യം. യുസിസി പ്രകാരം നിയമങ്ങൾ പാലിക്കുന്ന ഏക സംസ്ഥാനമാണ് ഗോവ. ഈ പട്ടികയിലേക്കാണ് ഉത്തരാഖണ്ഡ് കൂടി ചേർക്കപ്പെടുന്നത്.
2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉത്തരാഖണ്ഡിലെ ജനങ്ങൾക്ക് ബിജെപി നൽകിയ വാഗ്ദാനമായിരുന്നു യുസിസി. ബിജെപിക്ക് അധികാരത്തുടർച്ച ലഭിച്ചതോടെ കഴിഞ്ഞ വർഷം ഉത്തരാഖണ്ഡ് നിയമസഭയിൽ യുസിസി ബിൽ പാസായി. ഇതിന്റെ തുടർച്ചയായാണ് നിയമം പ്രാബല്യത്തിൽ വരുന്നത്. ഉത്തരാഖണ്ഡിലെ യുസിസി നിയമത്തിൽ നിരവധി പ്രത്യേക ചട്ടങ്ങൾ നിഷ്കർഷിക്കുന്നുണ്ട്. ലിവിംഗ്-ടുഗദർ ബന്ധത്തിലേക്ക് കടക്കുന്നവർ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്നതാണ് ഒരു വ്യവസ്ഥ. 21 വയസിന് താഴെയുള്ളവർ ലിവിൻ-റിലേഷനിലേക്ക് പ്രവേശിക്കുകയാണെങ്കിൽ രക്ഷിതാക്കളുടെ അനുമതി ആവശ്യമാണെന്നും വ്യവസ്ഥയിലുണ്ട്. ചട്ടം ലംഘിച്ചാൽ തടവും പിഴയും ശിക്ഷ ലഭിച്ചേക്കാം.
സംസ്ഥാനത്തെ എല്ലാ വിവാഹങ്ങളും രജിസ്റ്റർ ചെയ്യണമെന്നതും നിർബന്ധമായിരിക്കുകയാണ്. വിവാഹിതരാകാൻ പോകുന്നവർക്ക് 21 വയസ് പൂർത്തിയാകണമെന്നും നിർബന്ധമുണ്ട്. ബഹുഭാര്യത്വം, ശൈശവ വിവാഹം, മുത്തലാഖ് എന്നിവയ്‌ക്ക് സമ്പൂർണ നിരോധനവും വിവാഹമോചനം സംബന്ധിച്ച കേസുകൾ കോടതിയിലെത്തുമ്പോൾ ജാതിമത ഭേദമന്യേ എല്ലാവരും ഒരേ നിയമത്തിന് കീഴിലാകും പരിഗണിക്കപ്പെടുക. അതേസമയം പട്ടികവർഗക്കാരെ യുസിസി നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.