ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നിലവിൽ വന്നു. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം ബിജെപി പാലിച്ചതായി ധാമി പ്രഖ്യാപിച്ചു. യൂണിഫോം സിവിൽ കോഡ് നടപ്പിലാകുമ്പോൾ നിലവിൽ വരുന്ന പുതിയ നിയമങ്ങളെക്കുറിച്ച് വ്യക്തമാക്കുന്ന യുസിസി വെബ് പോർട്ടലും വിജ്ഞാപനവും ഉത്തരാഖണ്ഡ് സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ഡെറാഡൂണിൽ നടന്ന പരിപാടിയിലാണ് യുസിസി നിയമം നടപ്പിലായതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
മതം, ജാതി, ലിംഗം എന്നിവയുടെ പേരിൽ വിവേചനങ്ങൾ കാണിക്കാതെ എല്ലാവരേയും ഒരേനിയമത്തിന് കീഴിൽ കൊണ്ടുവരുന്നതാണ് യുസിസിയെന്നും ഐക്യ ഭാരതത്തെ കെട്ടിപ്പടുക്കുകയെന്ന മോദിയുടെ ദർശനത്തിന് യുസിസി മുതൽക്കൂട്ടാകുമെന്നും മുഖ്യമന്ത്രി ധാമി പ്രതികരിച്ചു. ഭരണഘടന രൂപീകരിച്ച മഹാരഥന്മാർക്ക് ഉത്തരാഖണ്ഡ് സർക്കാർ നൽകുന്ന ആദരമാണിതെന്നും ബാബാസാഹേബ് അംബേദ്കർ അടക്കമുള്ള വ്യക്തിത്വങ്ങൾക്ക് ബിജെപി സർക്കാർ നൽകുന്ന സമർപ്പണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വതന്ത്ര ഇന്ത്യയിൽ യൂണിഫോം സിവിൽ കോഡ് ആദ്യമായി നടപ്പാക്കുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ഗോവയിൽ മാത്രമാണ് നേരത്തെ യുസിസി നടപ്പിലാക്കിയിരുന്നത്.















