ഹൈന്ദവ ആചാരങ്ങളിൽ മൗനി അമാവാസിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. മാഘ മാസത്തിലെ അമാവാസിയാണ് മൗനി അമാവാസി എന്ന് അറിയപ്പെടുന്നത്. ആത്മ ശുദ്ധീകരണം തേടുന്ന ദശലക്ഷക്കണക്കിന് ഭക്തർ മൗനി അമാവാസിക്ക് വിവിധ വ്രതങ്ങൾ എടുക്കുന്നു.
ഈ വര്ഷം പ്രയാഗ് രാജിൽ മഹാകുംഭ മേള നടക്കുകയാണല്ലോ?. ഓരോ കുംഭമേളയിലെയും ഏറ്റവും പ്രധാനപ്പെട്ട സ്നാന ദിവസവും മൗനി അമാവാസിയാണ്. ഈ ദിനത്തിൽ കുംഭമേള നടക്കുന്ന സ്ഥലത്തെ പുണ്യ തീർത്ഥത്തിൽ അമൃതിന്റെ സാന്നിധ്യമുണ്ടാകും എന്നാണ് വിശ്വാസം.
മാഘ മാസം മുഴുവനും വിശുദ്ധ സ്നാന ചടങ്ങുകൾക്ക് അനുയോജ്യമാണെങ്കിലും, മൗനി അമാവാസിക്ക് പ്രത്യേകിച്ചും പ്രാധാന്യമുണ്ട്. അതിന്റെ കാരണം അന്ന് പുണ്യ തീർത്ഥങ്ങളിലെ ജലം അമൃതായി മാറുമെന്നും അതിൽ കുളിക്കുന്നവർക്ക് പാപങ്ങൾ ശുദ്ധീകരിക്കപ്പെടുമെന്നും വിശ്വസിക്കപ്പെടുന്നതാണ്.
ഈ വർഷത്തെ മൗനി അമാവാസി 2025 ജനുവരി 29 ബുധനാഴ്ചയാണ്.
അമാവാസി തിഥി ആരംഭിക്കുന്നത് – ജനുവരി 28, 2025 – 7:38 പിഎം
അമാവാസി തിഥി അവസാനിക്കുന്നത് – ജനുവരി 29, 2025 – 6:06 പിഎം
പകൽ സ്നാനങ്ങളും ബലികളും ജനുവരി 29 നാണ് വേണ്ടത്.
“മൗനി” എന്ന വാക്ക് “മൗന” എന്ന സംസ്‌കൃത പദത്തിൽ നിന്നാണ് വന്നത്. ആത്മീയമായ അച്ചടക്കവും ആന്തരിക സമാധാനവും പൊഹിപ്പിക്കുനന്തിനായി നിരവധി പേർ ഈ ദിവസം മൗനവ്രതം അനുഷ്ഠിക്കുന്നു. നിശബ്ദത ഉള്ളിലേക്ക് നോക്കാൻ സഹായിക്കുകയും ആത്മീയ വികാസത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. മൗനി അമാവാസി നാളിൽ തീർത്ഥ സ്നാനങ്ങൾ കൂടാതെ പിതൃ പിണ്ഡം സമർപ്പിക്കുന്നത് വിശേഷമാണ്. ഈ ദിവസം പൂർവ്വികരെയും പിതൃക്കളെയും ആദരിക്കുന്നതിലൂടെ പിതൃദോഷം അനുഭവിക്കുന്നവർക്ക് അതിൽ നിന്ന് മുക്തി ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
മൗനി അമാവാസി ദിനത്തിൽ പലരും കൃത്യമായ വ്രതങ്ങൾ എടുക്കുന്നു. ഭക്ഷണവും വെള്ളവും പൂർണ്ണമായും ഒഴിവാക്കിയുള്ള നിർജ്ജല ഉപവാസം ചെയ്യുന്നതും പുണ്യമാണ്. അന്നദാനം നടത്തുകയും ആരാധനാലയങ്ങളിലേക്ക് സംഭാവനകൾ നൽകുകയോ പോലുള്ള പുണ്യ കർമ്മങ്ങളും ചെയ്യണം.
പുണ്യസ്നാനം: സൂര്യോദയത്തിന് മുമ്പ് പുണ്യനദികളിലും തീർത്ഥ ഘട്ടങ്ങളിലും കുളിക്കുക എന്നത് ഏറെ പ്രാധാന്യമുള്ളതാണ്.
തർപ്പണവും പിണ്ഡ സമർപ്പണവും നടത്തുക: പൂർവികരുടെ ആത്മശാന്തിക്കായി ഈ ദിവസം തർപ്പണവും സമർപ്പണവും നടത്തുക. പുണ്യ തീർത്ഥത്തിൽ കറുത്ത എള്ള് സമർപ്പിക്കുക എന്നിവ പിതൃക്കളുടെ അനുഗ്രഹം ഉറപ്പാക്കുന്നു.
ദാനധർമ്മങ്ങൾ ചെയ്യുക: മൗനി അമാവാസിയിലെ ഏറ്റവും പ്രധാന ചടങ്ങാണ് ദാനം. ദരിദ്രർക്ക് ഭക്ഷണം നൽകുന്നതും വസ്ത്രങ്ങൾ, മാവ്, ശർക്കര, പഴങ്ങൾ, പുതപ്പുകൾ തുടങ്ങിയ വസ്തുക്കൾ ദാനം ചെയ്യുന്നതും ജീവിതത്തിലെ പ്രശ്‌നങ്ങൾ ലഘൂകരിക്കുകയും പിതൃക്കളുടെ അനുഗ്രഹം ഉറപ്പാക്കുകയും ചെയ്യുന്നു .
അരയാൽ മരത്തെ ആരാധിക്കുക: അമാവാസി നാളിൽ അരയാൽ മരത്തിൽ പിതൃക്കൾ വസിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു . മരത്തിനു ജലം സമർപ്പിച്ച് അതിനു മുന്നിൽ ശുദ്ധമായ പശുവിൻ നെയ്യ് വിളക്ക് കത്തിക്കുക. ഇത് പിതൃക്കൾക്ക് സമാധാനം നൽകുകയും വീട്ടിൽ ഐശ്വര്യവും സന്തോഷവും ഉറപ്പാക്കുകയും ചെയ്യുന്നു.
തില ഹോമം :ഈ ദിവസം തിലഹവനം നടത്തുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു.
കുംഭ മേള സ്ഥലത്ത് ഈ പുണ്യ ദിനത്തിൽ എല്ലാവർക്കും എത്തിച്ചേരാൻ കഴിയില്ല. എന്നാൽ നമുക്ക് ഏവർക്കും വീടിനടുത്തുള്ള നടിയിലോ തടാകത്തിലോ ക്ഷേത്രക്കുളത്തിലോ സ്നാനം സാധ്യമാണ്.
“ഗംഗേ ച യമുനേ ചൈവ
ഗോദാവരി സരസ്വതി
നര്‍മദേ സിന്ധു കാവേരി
ജലേസ്മിന്‍ സന്നിധിം കുരു..”
എന്ന മന്ത്രം ചൊല്ലി ഗംഗയെയും മറ്റു പുണ്യ നദികളെയും ജലത്തിലേക്ക് ആവാഹിച്ച് വീട്ടിലും സ്നാനം ചെയ്യാവുന്നതാണ്.