ചെന്നൈ: വംശനാശ ഭീഷണി നേരിടുന്ന ഒലീവ് റിഡ്ലി എന്നയിനം കടലാമ വൻതോതിൽ ചത്തൊടുങ്ങുന്നതായി റിപ്പോർട്ട്. ഒരുമാസത്തിനിടെ ആയിരത്തിലധികം ഒലീവ് റിഡ്ലി ടർട്ടിലുകളാണ് ചെന്നൈ തീരത്ത് കരയ്‌ക്കടിഞ്ഞത്.
വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുത്തിയ കടലാമകളാണ് ഒലീവ് റിഡ്ലി. തമിഴ്നാട്ടിൽ ഇതിനെ ‘പങ്കുണി ആമ’ എന്നാണ് വിളിക്കാറുള്ളത്. സമുദ്ര ആവാസവ്യവസ്ഥയെ സന്തുലിതമായി നിലനിർത്തുന്നതിൽ മുഖ്യപങ്കുവഹിക്കുന്ന ജീവികളിലൊന്നാണിത്. ഓരോ വർഷവും ആയിരക്കണക്കിന് കിലോമീറ്റർ ദൂരം സഞ്ചരിച്ച് ദേശാടനം നടത്തുന്ന കടലാമയാണിത്. ചിലസമയത്ത് ഏഴായിരം കിലോമീറ്ററോളം ദൂരം ഇവ വർഷാവർഷം സഞ്ചരിക്കും. തുടർന്ന് ജനുവരിയോടെ തമിഴ്നാടൻ തീരദേശത്താണ് ഇവ എത്തിപ്പെടുക.
വംശനാശം നേരിടുന്നതിനാൽ ഒലീവ് റിഡ്ലിയെ സംരക്ഷിക്കാൻ തമിഴ്നാട് സർക്കാരും വിവിധ എൻജിഒകളും പല പ്രവർത്തനങ്ങളും നടത്തിയിരുന്നു. ഇവയുടെ മുട്ടകൾ ശേഖരിച്ച് സുരക്ഷിതമായി വിരിയിക്കുന്നതിനുള്ള അവസരം ബീച്ചുകളിൽ ഒരുക്കാറുണ്ട്. തുടർന്ന് ഇവ വിരിഞ്ഞാൽ സുരക്ഷിതമായി കടലിലേക്ക് ഒഴുക്കി വിടുകയും ചെയ്യുന്നു. ആയിരക്കണക്കിന് കുഞ്ഞുങ്ങളിൽ ഒന്നോ രണ്ടോ എണ്ണം മാത്രമാണ് പൂർണ വളർച്ച പ്രാപിക്കാറുള്ളത്. എന്നാൽ കടലാമകളെ സംരക്ഷിക്കാനുള്ള ഇത്തരം ശ്രമങ്ങളെയെല്ലാം നിഷ്പ്രഭമാക്കുകയാണ് ഏറ്റവും പുതിയ സംഭവവികാസങ്ങൾ.
കരയ്‌ക്കടിഞ്ഞത് ആയിരം കടലാമകളാണെങ്കിലും അതിൽക്കൂടുതൽ എണ്ണത്തിന് ജീവൻ നഷ്ടമായിരിക്കാമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. ചത്തൊടുങ്ങിയ ആമകളുടെ പത്ത് ശതമാനം മാത്രമാണ് കരയ്‌ക്കടിഞ്ഞത്. അതിനാൽ അയ്യായിരത്തോളം ഒലീവ് റെഡ്ലി ടർട്ടിലുകൾ ചത്തിട്ടുണ്ടാകാമെന്നാണ് ഏകദേശ കണക്ക്.
മുങ്ങിമരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഉന്തിയ കണ്ണുകളും പുറത്തേക്ക് വലിഞ്ഞ കഴുത്തും മുങ്ങിമരണമാണ് സൂചിപ്പിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. 45 മിനിറ്റ് വരെ ശ്വാസം അടക്കിപ്പിടിക്കാൻ കെൽപ്പുള്ള കടലാമകൾ മുങ്ങിമരിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യമെന്ന് മൃഗസ്നേഹിയായ ആന്റണി റൂബിൻ പ്രതികരിച്ചു.
അനധികൃത മത്സ്യബന്ധനമാണ് കടലാമകൾക്ക് വിനയായതെന്നാണ് ആക്ഷേപം. കടലിന്റെ എട്ട് കിലോമീറ്റർ അകത്തേക്ക് പ്രവേശിച്ചതിന് ശേഷമേ ട്രോളിംഗ് നടത്താവൂ എന്നിരിക്കെ ചില മത്സ്യത്തൊഴിലാളികൾ തീരത്ത് നിന്ന് 2-3 കിലോമീറ്ററുകൾക്കുള്ളിൽ ട്രോളിംഗ് നടത്തുന്നു. ട്രോളിംഗ് വലകൾ പലതും കടലാമകൾക്ക് ഭീഷണി ഉയർത്തുന്നവയാണ്.















