ന്യൂഡൽഹി: 2047-ഓടെ വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിൽ കായികമേഖലയ്‌ക്ക് വലിയ സംഭാവനകൾ നൽകാനാകുമെന്ന് കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ. 2036-ൽ ഒളിമ്പിക്സിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത് രാജ്യത്തിന്റെ കായികശക്തിയേറുന്നതിന്റെ തെളിവാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഗവേഷണം നടത്തി പുത്തൻ ആശയങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ അനുദിനം പുരോഗമിക്കുന്ന ലോകത്ത് നമ്മൾ പിന്നിലായേക്കാമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നത് വഴി പല പ്രശ്നങ്ങൾക്കുള്ള പരിഹാരം കണ്ടെത്താൻ സാധിക്കും. ഇതിന്റെ പശ്ചാത്തലത്തിലാണ് ഖേലോ ഇന്ത്യ, ഫിറ്റ് ഇന്ത്യ ക്യാമ്പെയ്നുകൾ ആരംഭിച്ചത്. പൗരന്മാരുടെ മാനസിക, ശരീരിക ക്ഷമത വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഫിറ്റ് ഇന്ത്യ ക്യാമ്പെയ്ൻ ആവിഷ്കരിച്ചത്. അതുവഴി മാതൃകാപരമായ സമൂഹത്തെ വാർത്തെടുക്കാൻ വഴിയൊരുക്കും. വികസിത രാജ്യം കെട്ടിപ്പടുക്കുന്നതിൽ ഇത് നിർണായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ വർദ്ധിച്ചുവരുന്ന കരുത്തിന്റെ പ്രതീകമാണ് കായികം. 2036-ഓടെ ലോകത്തിലെ മികച്ച പത്ത് കായികമേഖലകളിലൊന്ന് ഇന്ത്യയാകുമെന്ന് പ്രധാനമന്ത്രി നേരത്തെ തന്നെ പരാമർശിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിൽ ഇത് അഞ്ചിൽ മികച്ച ഒന്നായി ഭാരതത്തിലെ കായികമേഖല മാറുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.















