ഐസിസിയുടെ 2024-ലെ ടെസ്റ്റിലെ മികച്ച പുരുഷ താരമായി ജസ്പ്രീത് ബുമ്രയെ തിരഞ്ഞെടുത്തു. പുറത്തേറ്റ പരിക്കിനെ തുടർന്ന് ഏറെ നാളായി കളത്തിന് പുറത്തായിരുന്നു ബുമ്ര കഴിഞ്ഞ വർഷമാണ് വീണ്ടും മൈതാനത്തേക്ക് മടങ്ങിയെത്തിയത്. പോയവർഷം ഒരുപിടി റെക്കോർഡുകളാണ് ഇന്ത്യൻ താരം സ്വന്തം പേരിലാക്കിയത്.
2024 അവസാനിച്ചപ്പോൾ ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായിരുന്നു ബുമ്ര. 71 വിക്കറ്റുകളാണ് വലം കൈയൻ പിഴുതത്. ഗസ് അറ്റ്കിൻസ്റ്റണെയാണ് (52) പിന്നിലാക്കിയത്. 357 ഓവറുകൾ എറിഞ്ഞപ്പോഴും എക്കോണമി റേറ്റ് 2.96 നിലനിർത്താൻ താരത്തിന് കഴിഞ്ഞു. 14.92 ആയിരുന്നു ശരാശരി. ഒരു കലണ്ടർ വർഷം 70 ലേറെ ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന നാലാമത്തെ മാത്രം ഇന്ത്യൻ താരമാണ് ബുമ്ര. രവിചന്ദ്രൻ അശ്വിൻ, കപിൽ ദേവ്, അനിൽ കുബ്ലെ എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവർ.
ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ മികച്ച പ്രകടനം നടത്തിയാണ് ബുമ്ര 2024ന് തുടക്കമിടുന്നത്. കേപ് ടൗണിൽ 8 വിക്കറ്റുകൾ സ്വന്തമാക്കി ഇന്ത്യക്ക് മികച്ച വിജയം സമ്മാനിച്ചിരുന്നു. പിന്നാെലെ ഇംഗ്ലണ്ടിനെതിരെ നാട്ടിൽ നടന്ന പരമ്പരയിൽ 19 വിക്കറ്റാണ് നേടിയത്. 4-1 ഇന്ത്യ പരമ്പരയും സ്വന്തമാക്കി. ബോർഡർ -ഗവാസ്കർ ട്രോഫിയിൽ 32 വിക്കറ്റുകൾ പിഴുത് പരമ്പരയുടെ താരവുമാകാനും ബുമ്രയ്‌ക്കായി.