വെള്ളം കുടിക്കുന്ന കാര്യത്തിൽ പലർക്കും പല ഓപ്ഷനാണ്. ചിലർക്ക് തിളപ്പിച്ചാറിയ വെള്ളമാകും ഇഷ്ടം. മറ്റുചിലർക്കാകട്ടെ നല്ല തണുത്ത വെള്ളം വേണമെന്നാകും. എന്നാൽ വേറെ ചിലരുണ്ട്, ശൈത്യകാലത്ത് ചൂടുവെള്ളവും വേനൽക്കാലത്ത് തണുത്ത വെള്ളവും കുടിക്കുന്നവർ. കാലാവസ്ഥയും സീസണുമൊന്നും നോക്കാതെ എന്തേലുമൊരു കുടിവെള്ളം ശീലമാക്കിയവരും നിരവധിയാണ്. ശുദ്ധമായ വെള്ളം ഇഷ്ടമുള്ള പോലെ കുടിക്കാമെങ്കിലും ആരോഗ്യപരമായി നോക്കിയാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. തണുത്ത വെള്ളം ശീലമാക്കിയവരാണ് കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
ചൂടുള്ള സമയത്ത് തണുത്ത വെള്ളം കുടിക്കുമ്പോൾ ആശ്വാസം തോന്നുമെങ്കിലും താത്കാലിക അനുഭൂതി മാത്രമാണത്. ഗുണത്തേക്കാളേറെ ദോഷമാണ് ഇതുവരുത്തുക. തണുത്ത വെള്ളം കുടിക്കുന്നത് ദഹനത്തെ തകരാറിലാക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
തണുത്ത വെള്ളം മാത്രമല്ല, ഐസ്ക്രീം, തണുത്ത സോഡ എന്നിവ അകത്താക്കുന്നതും ശരീരത്തിന് ചിലപ്പോൾ ദോഷം ചെയ്യും. ദഹനത്തിനും മെറ്റബോളിസത്തിനും പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതിനുമായി മനുഷ്യശരീരത്തിൽ നിലകൊള്ളുന്ന പല ഘടകങ്ങളെയും തണുത്ത വെള്ളം നിർവീര്യമാക്കും. അതിനാൽ തണുത്തത് കഴിക്കുമ്പോൾ ദഹനം സാവധാനത്തിലാകുന്നു. ഇതിന്റെ ഭാഗമായി അമിതവണ്ണം, ബ്ലോട്ടിംഗ് എന്നിവയും ഉണ്ടായേക്കാം. വയറിനുള്ളിലെ ചില അസിഡിക് ഘടകങ്ങളുമായി തണുത്ത വെള്ളം കൂടിച്ചേരുമ്പോൾ അവ നിർവീര്യമാക്കപ്പെടുന്നതിനാലാണ് ദഹനം വൈകുന്നത്.
ആയുർവേദം പറയുന്നതനുസരിച്ച്, ചെറുചൂടുവെള്ളം ശീലമാക്കുന്നതാണ് ദഹനത്തിന് ഏറ്റവും അഭികാമ്യം. ഭക്ഷണം കഴിക്കുന്നതിനിടയ്‌ക്ക് വെള്ളം ദാഹിച്ചാൽ ഒരു ചെറിയ കവിൾ ചെറുചൂടുവെള്ളം കുടിക്കുക. ഭക്ഷണം കഴിച്ച് അരമണിക്കൂർ കഴിഞ്ഞാൽ ഒരു കപ്പ് വെള്ളം കുടിക്കാവുന്നതാണ്. ഇത് മെച്ചപ്പെട്ട ദഹനത്തിന് സഹായിക്കുന്നു. മലബന്ധം തടയുന്നതിനും ചർമ്മം തിളങ്ങുന്നതിനും തൊണ്ടയിലെ അസ്വസ്ഥത അകറ്റാനും ചെറുചൂടുവെള്ളം നല്ലതാണ്.















