പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പൊലീസിനെതിരെ അതിരൂക്ഷ വിമർശനവുമായി സാമൂഹ്യ നിരീക്ഷകൻ മുരളീ തുമ്മാരുകുടി. സംവിധാനങ്ങളുടെ പോരായ്മ കാരണം അനാഥരാകപ്പെട്ട പെൺമക്കളുടെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. പൗരന്മാരുടെ ജീവന് സുരക്ഷ നൽകുകയെന്ന പ്രാഥമിക ഉത്തരവാദിത്വം നിറവേറ്റുന്നതിൽ കേരളാ പൊലീസ് പൂർണ പരാജയമാണെന്നും മുരളീ തുമ്മാരുകുടി ചൂണ്ടിക്കാട്ടി.
കൊലപാതകക്കേസ് പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും കൊലപാതകം നടത്തുന്ന സാഹചര്യമുണ്ടായാൽ കൊലക്കേസിൽ സാക്ഷി പറയാനുള്ള ധൈര്യം ആളുകൾക്ക് എങ്ങനെ ലഭിക്കുമെന്നും അതിജീവിതർ എങ്ങനെ സമാധാനമായി തുടർന്നുജീവിക്കുമെന്നും അദ്ദേഹം ചോദിച്ചു. നെന്മാറ ഇരക്കൊലക്കേസിൽ അതിജീവിതരായ പെൺമക്കൾക്ക് അമ്മയും അച്ഛനുമാണ് നഷ്ടപ്പെട്ടത്. സംവിധാനങ്ങളുടെ പോരായ്മ കാരണം സംഭവിച്ചതിനാൽ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടക്കണം. കൂടാതെ കൊലക്കേസ് പ്രതികൾക്ക് ജാമ്യം നൽകുന്നതിലും അവർ ജാമ്യവ്യവസ്ഥകൾ പാലിക്കുന്നത് സംബന്ധിച്ച് നിരീക്ഷണം നടത്തുന്നതിലും ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നും മുരളീ തുമ്മാരുകുടി ഫെയ്സ്ബുക്കിൽ കുറിച്ചു.
നെന്മാറയിൽ വീട്ടമ്മയെ കൊന്നയാൾ ജാമ്യത്തിലിറങ്ങി ഭർത്താവിനെയും ഭർതൃമാതാവിനെയും (സുധാകരൻ, ലക്ഷ്മി) വെട്ടിക്കൊല്ലുകയായിരുന്നു. കേസിൽ പ്രതി ചെന്താമരയെ ഇതുവരെയും പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ജാമ്യത്തിലിറങ്ങിയ പ്രതി വ്യവസ്ഥകൾ ലംഘിച്ച് നാട്ടിലെത്തിയത് പൊലീസ് ഗൗരവത്തിൽ എടുക്കാതിരുന്നതാണ് ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചത്. കൂടാതെ പ്രതി വധഭീഷണി മുഴക്കിയെന്ന പരാതിയും പൊലീസ് കാര്യമായി ഗൗനിച്ചിരുന്നില്ല. പൊലീസിന്റെ വീഴ്ചയ്‌ക്കെതിരെ കുടുംബം ശക്തമായ വിമർശനമുന്നയിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.















