സത്യൻ അന്തിക്കാടും മോഹൻലാലും തമ്മിലുള്ള സൗഹൃദത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മകനായും സഹോദരനായും കാമുകനായും മലയാളികളെ കൊതിപ്പിച്ച ലാലിനെ സമ്മാനിച്ചത് സത്യൻ സിനിമകളായിരുന്നു. ഇരുവരും തമ്മിലുള്ള ഇഴയടുപ്പം വ്യക്തമാക്കുന്ന ഒരു സംഭവത്തെ കുറിച്ച് സത്യൻ അന്തിക്കാട് തന്റെ പുസ്തകമായ പോക്കുവെയിലിലെ കുതിരകളിൽ വിവരിക്കുന്നുണ്ട്. ഒരു കൊലക്കേസ് പ്രതിയെ തന്റെ വീട്ടിൽ ഒളിവിൽ പാർപ്പിക്കണമെന്ന ആവശ്യവുമായി മോഹൻലാൽ കാണാൻ വന്ന ദിവസമാണ് അദ്ദേഹം വിവരിക്കുന്നത്.
നാടോടിക്കാറ്റിന്റെ തിരക്കുകളെല്ലാം കഴിഞ്ഞ് അന്തിക്കാട്ടെ വീട്ടിൽ സ്വസ്ഥമായിരിക്കുകയാണ് സത്യൻ അന്തിക്കാട്. അപ്പോഴാണ് ഒരു കാറിൽ മോഹൻലാൽ മറ്റൊരാളേയും കൂടി വന്നത്. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ആ വരവ്. വരവിന്റെ ഉദ്ദേശം കേട്ട് സത്യൻ അന്തിക്കാട് അക്ഷരാർത്ഥത്തിൽ ഞെട്ടി. ‘ഒരാളെ കുറച്ചു ദിവസം സത്യേട്ടന്റെ വീട്ടിലൊന്ന് ഒളിച്ചു താമസിപ്പിക്കണം. കാറിലിരിപ്പുണ്ട്. വേറെ വഴിയില്ലാത്തതുകൊണ്ടാണ്. എതിരു പറയരുത്.’ ആൾ ആരെന്ന് കേട്ടപ്പോൾ തന്റെ പാതി ജീവൻ പോയെന്ന് സത്യൻ അന്തിക്കാട് പറയുന്നു. നാടിനെ നടുക്കിയ കൊലക്കേസ് പ്രതിയെ ഒളിവിൽ പാർപ്പിക്കാനാണ് ലാൽ ആവശ്യപ്പെട്ടത്. തന്റെ സിനിമ നിർമ്മിച്ചയാളാണും കൈവിടരുതെന്നുമുള്ള മുഖവുരയോടെയാണ് ആവശ്യം ഉന്നയിച്ചത്.
നടക്കില്ലെന്ന് സത്യൻ അന്തിക്കാട് പറഞ്ഞപ്പോൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നുണ്ടെന്നും, രണ്ട് ദിവസത്തേക്ക് മതിയെന്നുമായി ലാൽ. കൊലക്കേസ് പ്രതിയെ ഒളിപ്പിക്കുന്നത് കുറ്റമാണ് എന്റെ സമാധാനം കളയരുതെന്നായി സത്യൻ. വാക്കുകൊടുത്തുപോയി കൈവിടരുതെന്നായി ലാൽ. തറവാട്ടിൽ താമസിപ്പിക്കാൻ അമ്മയും ചേട്ടനും സമ്മതിക്കില്ലെന്ന് പറഞ്ഞപ്പോൾ ലാൽ അടവുമാറ്റി. എങ്കിൽ പുതിയതായി നിർമിക്കുന്ന വീട്ടിൽ തൊഴിലാളികളോടൊപ്പം നിർത്തിയാൽ മതിയെന്നായി ലാൽ.
പിണങ്ങിയാലും കുഴപ്പമില്ല ലാലേ, വേറെ ഏതെങ്കിലും വഴി നോക്ക്, സ്ഥലം വിടൂ എന്ന് സത്യൻ അന്തിക്കാട് തീർത്തു പറഞ്ഞു. ഇവിടെ വരെ എത്തിയിട്ട് ഒരു ചായ പോലും തരാതെ പറഞ്ഞു വിടുകയാണോ? എന്ന് പറഞ്ഞ് കാറിൽ കൊലക്കേസ് പ്രതിയില്ലെന്നും ഇത്രയും നേരം പറഞ്ഞതോക്കെ കള്ളമായിരുന്നുവെന്നും ലാൽ വെളിപ്പെടുത്തി.















