ഹൈദരാബാദ്:സംസ്ഥാനത്ത് രാത്രി 11 മണിക്ക് ശേഷം തീയേറ്ററുകളിൽ സിനിമ കാണാൻ കുട്ടികളെ അനുവദിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി. 16 വയസിന് താഴെയുള്ളവരെ വിലക്കണമെന്നാണ് നിർദേശം. ഇതുസംബന്ധിച്ച ചർച്ചകൾ നടത്തിയതിന് ശേഷം തെലങ്കാന സർക്കാർ ഉത്തരവ് പുറത്തിറക്കണമെന്നും കോടതി നിർദേശിച്ചു. പുഷ്പ 2 പ്രീമിയർ ഷോയ്‌ക്കിടെ സംഭവിച്ച ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ നിരീക്ഷണം.
തീയേറ്ററുകളിലും മൾട്ടിപ്ലക്സുകളിലും 16 വയസിന് താഴെയുള്ളവരെ രാത്രി 11 മണിക്ക് ശേഷം സിനിമ കാണാൻ അനുവദിക്കരുതെന്ന് കോടതി വ്യക്തമാക്കി. രാവിലെ 11 മണി മുതൽ രാത്രി 11 മണി വരെ മാത്രമേ കുട്ടികളെ സിനിമ കാണാൻ അനുവദിക്കാവൂ. നിയന്ത്രണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തി എത്രയും വേഗം തീരുമാനം നടപ്പിലാക്കാൻ തെലങ്കാൻ സർക്കാരിന് കോടതി നിർദേശവും നൽകി. സർക്കാരിന്റെ അന്തിമ തീരുമാനം വരുന്നത് വരെ രാത്രിസമയത്ത് കുട്ടികളെ തീയേറ്ററിൽ വിലക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
പുഷ്പ 2ന്റെ പ്രീമിയർ ഷോയ്‌ക്കിടെയുണ്ടായ തിരക്കിൽപ്പെട്ട് വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സാഹചര്യത്തിൽ രാത്രി കാലങ്ങളിൽ കുട്ടികളെ തീയേറ്ററിൽ വിലക്കണമെന്ന ആവശ്യം ഉന്നയിച്ച് കോടതിയിൽ ഹർജി എത്തിയിരുന്നു. ഇത് പരിഗണിക്കുന്നതിനിടെയാണ് തെലങ്കാന ഹൈക്കോടതിയുടെ നിർണായക നിരീക്ഷണം.