പ്രയാഗ്‌രാജ്: മഹാ കുംഭമേളയ്‌ക്കിടെയുണ്ടായ അനിയന്ത്രിത തിരക്ക് നിലവിൽ നിയന്ത്രണവിധേയമാക്കാൻ സാധിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേറ്റെന്ന വാർത്തകൾ വന്ന സാഹചര്യത്തിലാണ് യുപി മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രയാഗ്‌രാജിലെ സാഹചര്യം നിയന്ത്രണവിധേയമാണെന്ന് യോഗി വ്യക്തമാക്കി. ബാരിക്കേഡുകൾ മറികടന്ന് ജനം വന്നതാണ് അപകടത്തിന് കാരണമായതെന്നും പരിക്കേറ്റ എല്ലാ തീർത്ഥാടകരെയും ആശുപത്രിയിൽ എത്തിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. അഭ്യൂഹങ്ങൾക്കും കിംവദന്തികൾക്കും ചെവി നൽകരുതെന്ന് തീർത്ഥാടകരോട് അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ രാത്രി മുതൽ മൗനി അമാവാസി മുഹൂർത്തം ആരംഭിച്ചതിനാൽ ധാരാളം തീർത്ഥാടകർ പ്രയാഗ്‌രാജിലേക്ക് എത്തിയിരുന്നു. ഇതോടെ പ്രയാഗ്‌രാജിൽ ഒരേസമയം എത്തിയ തീർത്ഥാടകരുടെ എണ്ണം പത്ത് കോടി കവിഞ്ഞു. സംഗം മാർഗ്, നാഗ് വാസുകി മാർഗ്, എന്നിവിടങ്ങളിൽ ഇപ്പോഴും വലിയ ജനക്കൂട്ടമാണുള്ളത്. അഖാര മാർഗിൽ സ്ഥാപിച്ച ബാരിക്കേഡുകൾ മറികടക്കാൻ ജനങ്ങളിൽ ചിലർ ശ്രമിച്ചിരുന്നു. ഇതോടെ തിക്കും തിരക്കുമുണ്ടാവുകയും തീർത്ഥാടകർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ എല്ലാവർക്കും നിലവിൽ ചികിത്സ ലഭ്യമാക്കി.
രാവിലെ മുതൽ നാല് തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച് സംസാരിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഗവർണർ ആനന്ദിബെൻ പട്ടേൽ എന്നിവരും തുടർച്ചയായി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. പ്രയാഗ്‌രാജിലെ സാഹചര്യം നിലവിൽ നിയന്ത്രണവിധേയമാണെങ്കിലും തീർത്ഥാടകരുടെ തിരക്ക് തുടരുകയാണ്. വിവിധ അഖാരകളിലെ സന്യാസിമാർ തിരക്ക് കാരണം പിൻവാങ്ങിയിട്ടുണ്ട്. തീർത്ഥാടകർ ആദ്യം പുണ്യസ്നാനം ചെയ്തതിന് ശേഷം തിരക്ക് കുറയുന്ന സാഹചര്യത്തിൽ മാത്രമേ സ്നാനത്തിനായി എത്തൂവെന്ന് സന്യാസി സമൂഹം അറിയിച്ചു.
പരിക്കേറ്റവർക്ക് കൃത്യമായ ചികിത്സ ഉറപ്പുവരുത്തിയിട്ടുണ്ട്. പ്രയാഗ്‌രാജ് മേഖലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്ന് തീർത്ഥാടകർക്കായി പ്രത്യേക ട്രെയിൻ സർവീസുകളും ലഭ്യമാണെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു.
പത്ത് പേർ മരിച്ചതായി ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് നൽകുന്നുണ്ടെങ്കിലും ഇക്കാര്യം യുപി സർക്കാർ സ്ഥിരീകരിച്ചിട്ടില്ല.