പേപ്പർ സ്പ്രേ മുതൽ കാബുകളിലെ SOS ബട്ടണുകൾ വരെ സ്ത്രീസുരക്ഷയ്‌ക്കായി നിരവധി ഉത്പന്നങ്ങൾ കണ്ടെത്തി അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ സ്ത്രീകൾക്കായി സുരക്ഷാ ഫീച്ചറുള്ള നൂതന ചെരുപ്പ് നിർമ്മിച്ചിരിക്കുകയാണ് സ്കൂൾ വിദ്യാർത്ഥികൾ. ഉത്തർപ്രദേശിലെ മഹാരാജ്‌ഗഞ്ച് ജില്ലയിലുള്ള ആർപിഐസി സ്‌കൂളിലെ വിദ്യാർത്ഥികളാണ് ഈ സൃഷ്ടിയുടെ പിന്നിൽ.
എസ്ഒഎസ് അലേർട്ട് ഫീച്ചറുള്ള ചെരുപ്പ് അമൃത് തിവാരി, കോമൾ ജയ്‌സ്വാൾ എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. അപകടസമയത്ത് അടിയന്തര സന്ദേശം അയക്കുന്ന രീതിയിലാണ് ചെരുപ്പ് രൂപകൽപന ചെയ്തിരിക്കുന്നത്. കാൽവിരലിനടിയിലായി ചെരുപ്പിൽ സ്ഥാപിച്ചിരിക്കുന്ന ബട്ടൺ അമർത്തുമ്പോൾ sos മുന്നറിയിപ്പ് അയക്കാൻ കഴിയും.
ഈ ചെരുപ്പ് ഒരു മൊബൈൽ ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇത് കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, അല്ലെങ്കിൽ ഏതെങ്കിലും വിശ്വസ്ത വ്യക്തികൾ എന്നിവരുടെ ഫോണിലേക്ക് അപായ മുന്നറിയിപ്പ് നൽകും. കൂടാതെ ഈ സാങ്കേതികവിദ്യ ചെരുപ്പ് ധരിച്ചിരിക്കുന്നയാളുടെ ലൊക്കേഷനും സമീപത്തെ ശബ്ദങ്ങളും ഇവരുമായി പങ്കിടും. അതിനാൽ അപകടത്തിലായ വ്യക്തിക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് സന്ദേശം ലഭിച്ചവർക്ക് മനസിലാക്കാനാകും.
ഭാവിയിൽ ചെരുപ്പിൽ ഒരു ഒളിക്യാമറ കൂടി ഉൾപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ചെരുപ്പ് വികസിപ്പിച്ചെടുത്ത വിദ്യാർത്ഥികൾ. ഇത് കൂടാതെ ചെരുപ്പുകളിൽ ഒന്നിൽ ധരിക്കുന്നയാൾക്ക് ദോഷം വരുത്താതെ ആക്രമിയെ ഷോക്കേൽപ്പിക്കാൻ സഹായിക്കുന്ന വൈദ്യുതി ഉത്പാദിപ്പിക്കാനും കഴിയും. ഒരു ജോഡി ചെരുപ്പിന് 2,500 രൂപയാണ് വില. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് വിദ്യാർത്ഥികളുടെ ഈ നൂതന കണ്ടുപിടിത്തത്തിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.