ലക്നൗ: പ്രയാഗ്‌രാജിൽ നിലവിലുള്ളത് പത്ത് കോടിയാളുകളെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭരണകൂടത്തിന്റെ നിർദേശങ്ങൾ ഏവരും പാലിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. പൊലീസും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും ഒരുക്കുന്ന ക്രമീകരണങ്ങളുമായി സഹകരിക്കാൻ തീർത്ഥാടകർ തയ്യാറാകണമെന്നും കിംവദന്തികൾക്ക് ചെവി കൊടുക്കരുതെന്നും യോഗി ആദിത്യനാഥ് അഭ്യർത്ഥിച്ചു.
ഗംഗാനദിയുടെ വിവിധ ഘട്ടുകളിൽ സ്നാനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ തീർത്ഥാടകർ അവർക്ക് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഘട്ടിൽ സ്നാനം ചെയ്യേണ്ടതാണ്. എല്ലാവരും സംഗമത്തിലേക്ക് പോയി സ്നാനം ചെയ്യാൻ ശ്രമിക്കരുത്. അധികൃതർ നൽകുന്ന കർശന നിർദേശങ്ങൾ നിർബന്ധമായും പാലിക്കണം. സംഗമത്തിന്റെ എല്ലാ ഘട്ടുകളിലും സമാധാനപൂർണമായി സ്നാനം നടത്താനുള്ള സൗകര്യമുണ്ട്. അഭ്യൂഹങ്ങളും കിംവദന്തികളും പ്രചരിക്കുന്ന സാഹചര്യത്തിൽ അത്തരം കാര്യങ്ങൾക്ക് ശ്രദ്ധ നൽകരുതെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശിച്ചു. എക്സിൽ പങ്കുവച്ച പോസ്റ്റിലാണ് യോഗിയുടെ വാക്കുകൾ.
മൗനി അമാവാസിയോടനുബന്ധിച്ച് പ്രയാഗ്‌രാജിൽ വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഏറെ പ്രധാനപ്പെട്ട വിശേഷദിനമായതിനാൽ കോടിക്കണക്കിന് വരുന്ന ഭക്തർ സംഗമത്തിൽ സ്നാനം ചെയ്യാൻ ശ്രമിച്ചതാണ് തിരക്ക് വർദ്ധിക്കാൻ കാരണമായത്. കൂടാതെ പലരും ബാരിക്കേഡുകൾ മറികടന്ന് വന്നതോടെ തിക്കും തിരക്കുമുണ്ടായി. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പത്തോളം പേർ മരിച്ചതായി അനൗദ്യോഗിക റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് യോഗിയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവർ സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്യുന്നുണ്ട്.















