സിയോൾ: ടേക്ക് ഓഫിന് തൊട്ടുമുൻപ് പൂർണമായും കത്തിയെരിഞ്ഞ് വിമാനം. തീ പടർന്നുപിടിക്കുന്നതിന് തൊട്ടുമുൻപായി വിമാനത്തിലുണ്ടായിരുന്ന 176 പേരെയും സുരക്ഷിതമായി ഒഴിപ്പിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ദക്ഷിണ കൊറിയയിലാണ് സംഭവം. എയർ ബുസാൻ ഫ്ലൈറ്റാണ് ടേക്ക് ഓഫിന് മുന്നോടിയായി റൺവേയിൽ കിടക്കുന്നതിനിടെ അപകടത്തിൽപ്പെട്ടത്.
ദക്ഷിണ കൊറിയയിലെ ഗിംഹേ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടാനിരുന്ന വിമാനമാണ് കത്തിനശിച്ചത്. 169 യാത്രക്കാരും ഏഴ് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. തീപ്പൊരി കണ്ടതിന് തൊട്ടുപിന്നാലെ ഇവരെ അടിയന്തരമായി ഒഴിപ്പിച്ചു. സംഭവത്തിൽ ഏഴ് പേർക്ക് പരിക്കേറ്റതായി ചില അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
17 വർഷമായി പ്രവർത്തിക്കുന്ന എയർബസ് A321ceo മോഡൽ വിമാനമാണ് കത്തിയെരിഞ്ഞത്. ദക്ഷിണ കൊറിയയിലെ ഏഷ്യാന എയർലൈൻസിന്റെ ബജറ്റ് എയർലൈനാണ് എയർ ബുസാൻ. തീപിടിത്തത്തിനുള്ള കാരണം ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
ഒരുമാസം മുൻപായിരുന്നു മറ്റൊരു വിമാനാപകടം ദക്ഷിണ കൊറിയയിൽ നടന്നത്. ലോകത്തെ നടുക്കിയ ദുരന്തത്തിൽ 175 പേർ മരിച്ചിരുന്നു. ദക്ഷിണ കൊറിയയിലെ മുവാൻ എയർപോർട്ടിൽ ലാൻഡ് ചെയ്യാൻ ശ്രമിച്ച ജേജു എയർ ഡിസംബർ 29നായിരുന്നു അപകടത്തിൽപ്പെട്ടത്.