തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടുവയസുകാരിയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബാലരാമപുരം കോട്ടുകാൽകോണത്ത് ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ കുട്ടിയെ കാണാതായതിനെത്തുടർന്ന് നടത്തിയ തെരച്ചിലാണ് കിണറ്റിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ അടിമുടി ദുരൂഹത നിലനിൽക്കുന്നതായി നാട്ടുകാരും പൊലീസും പറഞ്ഞു. കുട്ടി സഹോദരന്റെ മുറിയിലാണ് കിടന്നിരുന്നതെന്നും പുലർച്ചെ കുഞ്ഞിന്റെ കരച്ചിൽ കേട്ടിരുന്നതായും അമ്മ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കുട്ടിയെ കാണാതായതിനുപിന്നാലെ സഹോദരന്റെ മുറിയിൽ തീപിടിത്തമുണ്ടായതും ദുരൂഹത വർധിപ്പിക്കുന്നു.
സംഭവത്തിൽ സംശയനിഴലിലുള്ള ചിലരെ നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുന്നതായാണ് വിവരം. രണ്ടുവയസുള്ള കുഞ്ഞിനെ അപായപ്പെടുത്താൻ ശ്രമമുണ്ടായോ എന്നാണ് ബാലരാമപുരം പൊലീസ് അന്വേഷിക്കുന്നത്. സംഭവം കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുടുംബാംഗങ്ങളിലൊരാൾ മാനസിക വെല്ലുവിളി നേരിടുന്നയാളാണെനും സൂചനയുണ്ട്.