ബഹിരാകാശ മേഖലയിലെ കുതിപ്പുകളും നേട്ടങ്ങളും തുടരുമെന്ന് ഇസ്രോ ചെയർമാൻ ഡോ. വി. നാരായണൻ. കൂടുതൽ ആധുനികമായ അടുത്ത തലമുറ വിക്ഷേപണ വാഹനത്തിന്റെ (എൻജിഎൽവി) രൂപകൽപനയും നിർമാണവുമായി ഐഎസ്ആർഒ മുന്നോട്ടുപോവുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഭൂമിയിൽ തിരിച്ചെത്തിക്കാവുന്നതും പുനരുപയോഗിക്കാവുന്നതുമായ സാങ്കേതികവിദ്യയുടെ അടിസ്ഥാനമാക്കിയാകും ഇത് യാഥാർത്ഥ്യമാക്കുക. 1,000 ടൺ ഭാരവും 91 മീറ്റർ ഉയരവും ഉണ്ടാകും. സ്പേസ്‌എക്സ് വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യക്ക് സമാനമായി പുനരുപയോഗം സാധ്യമാക്കിയാണ് എൻജിഎൽവി വിക്ഷേപണങ്ങളിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുക. വിക്ഷേപണ ചെലവ് ഗണ്യമായി കുറയ്‌ക്കുകയും ബൂസ്റ്ററിന്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യും.
ചന്ദ്രയാൻ 4 അടക്കമുള്ള വിക്ഷേപണങ്ങളും മനുഷ്യരെ വഹിച്ച് കൊണ്ടുള്ള ബഹിരാകാശയാത്രാ ശ്രമങ്ങളും ഉൾപ്പടെ വിവിധ ദൗത്യങ്ങളിൽ ഉപയോഗിക്കാവുന്ന തരത്തിലാകും എണജിഎൽവിയുടെ നിർമാണം.
4,000 കോടി രൂപ ചെലവിൽ സ്ഥാപിക്കുന്ന മൂന്നാം വിക്ഷേപണത്തറയാകും ഇത്തരം വിക്ഷേപണ വാഹനങ്ങൾ ഉപയോഗിക്കുക. 46 വർഷം കൊണ്ട് 100 വിക്ഷേപണങ്ങൾ വഴി 548 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 100 വിക്ഷേപണങ്ങൾ നടത്തുമെന്നും ഇസ്രോ ചെയർമാൻ പറഞ്ഞു.















