തൃശൂർ: സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് (65) അന്തരിച്ചു. കൂർക്കാഞ്ചേരി അജന്ത അപ്പാർട്ട്മെന്റിലായിരുന്നു താമസം. സുരേഷ് ബാബുവാണ് ഭർത്താവ്. മക്കൾ: ഗോപി സുന്ദർ, ശ്രീ(മുംബൈ). മരുമക്കൾ: ശ്രീകുമാർ പിള്ള (എയർഇന്ത്യ, മുംബൈ). സംസ്‌കാരം വ്യാഴാഴ്ച മൂന്നിന് വടൂക്കര ശ്മശാനത്തിൽ.
അമ്മയുടെ വിയോഗത്തിന് പിന്നാലെ ഗോപി സുന്ദർ വികാരനിർഭരമായ കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. അമ്മ എല്ലായ്‌പ്പോഴും തന്റെ ശക്തിയും വഴികാട്ടിയുമാണെന്ന് ഗോപി സുന്ദർ കുറിച്ചു.
” അമ്മ…. എനിക്ക് ജീവിതവും സ്നേഹവും എന്റെ സ്വപ്നങ്ങളെ പിന്തുടരാനുള്ള ശക്തിയും നൽകി. ഞാൻ സൃഷ്ടിക്കുന്ന ഓരോ സംഗീതത്തിലും അമ്മ എന്നിലേക്ക് പകർന്ന സ്നേഹമുണ്ട്. അമ്മ പോയിട്ടില്ല …എന്റെ ഹൃദയത്തിലും, എന്റെ ഈണങ്ങളിലും, ഞാൻ ഓരോ ചുവടിലും നിങ്ങൾ ജീവിക്കുന്നു.
അമ്മയുടെ ആത്മാവിന്റെ നിത്യശാന്തിക്കായി ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. നിങ്ങൾ ഇപ്പോഴും എന്റെ കൂടെയുണ്ടെന്ന് എനിക്കറിയാം. അമ്മ എപ്പോഴും എന്റെ ശക്തിയും വഴികാട്ടിയും ആയിരിക്കുമെന്നും”- ഗോപി സുന്ദർ കുറിച്ചു.