വാഷിംഗ്ടൺ: അമേരിക്കൻ എയർലൈൻസിന്റെ യാത്രാവിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് നദിയിൽ തകർന്നുവീണു. അപകടത്തിൽപ്പെട്ട വിമാനത്തിൽ 65 യാത്രക്കാരാണ് ഉണ്ടായിരുന്നതായാണ് വിവരം. അപകടത്തിൽ പോട്ടോമാക് നദിയിൽ നിന്ന് രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. സ്ഥലത്ത് ഒന്നിലധികം ഏജൻസികളുടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
അമേരിക്കൻ എയർലൈൻസിന്റെ ജെറ്റ് വിമാനം യുഎസ് ആർമിയുടെ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുമായി കൂട്ടിയിടിക്കുകയായിരുന്നു. വാഷിംഗ്ടണിനടുത്തുള്ള റീഗൻ നാഷണൽ എയർപോർട്ടിന് സമീപത്തുവച്ചാണ് അപകടം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ ടേക്ക് ഓഫുകളും ലാൻഡിംഗുകളും നിർത്തിവച്ചതായി അധികൃതർ അറിയിച്ചു.
കൻസാസിലെ വിചിതയിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. അതേസമയം തങ്ങളുടെ ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടതെന്ന് യുഎസ് സൈനിക ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. മൂന്ന് സൈനികർ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നുവെന്നും എന്നാൽ അവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഫെഡറൽ ഏവിയേഷൻ അതോറിറ്റി (FAA) അന്വേഷണം ആരംഭിച്ചതായും സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് അറിയിച്ചു.















