ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് നടത്തിയ രാജ്യം വിട്ട കുറ്റവാളികൾക്കെതിരെ നടപടി ശക്തമാക്കി കേന്ദ്രസർക്കാർ. കഴിഞ്ഞ ദിവസം യുഎസിൽ നിന്നും തായ്‌ലൻഡിൽ നിന്നുമായി രണ്ട് കുറ്റവാളികളെയാണ് രാജ്യത്തെത്തിച്ചത്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലും ഗുജറാത്തിലും നിരവധി കേസുകൾ പ്രതികൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിബിഐയുടെ ആവശ്യപ്രകാരം ഇവർക്കെതിരെ ഇൻ്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
പോൺസി പദ്ധതിയിലൂടെ നിക്ഷേപകരുടെ 87 കോടി രൂപ തട്ടിയെടുത്ത കേസിൽ പ്രതിയായ ജനാർദ്ദനൻ സുന്ദരത്തെ ബാങ്കോക്കിൽ നിന്നാണ് എത്തിച്ചത്.
കൊൽക്കത്ത വിമാനത്താവളത്തിൽ നിന്ന് തമിഴ്‌നാട് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് (ഇഒഡബ്ല്യു) കേസ് അന്വേഷിച്ചത്. 2023 ജൂണിലാണ് പ്രതിക്കെതിരെ റെഡ് നോട്ടീസ് ഇറക്കിയത്.
2002-ൽ ഗുജറാത്ത് പൊലീസ് രജിസ്റ്റർ ചെയ്ത 77 കോടി രൂപയുടെ തട്ടിപ്പ് കേസിലെ പ്രതി വീരേന്ദ്രഭായ് മണിഭായ് പട്ടേലിനെയാണ് യുഎസിൽ നിന്നും എത്തിച്ചത്. 2004 മാർച്ച് 3 നാണ് ഇൻ്റർപോൾ പ്രതിക്കെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിച്ചതെന്ന് സിബിഐ വക്താവ് പറഞ്ഞു.അഹമ്മദാബാദ് വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്ത പ്രതിയെ ഗുജറാത്ത് പൊലീസിന് കൈമാറി.
സിബിഐയുടെ ഗ്ലോബൽ ഓപ്പറേഷൻസ് സെൻ്ററാണ് ഇൻ്റർപോളുമായി സഹകരിച്ച് കുറ്റവാളികളെ രാജ്യത്ത് എത്തിക്കുന്നത്. വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളും പ്രവർത്തനങ്ങളിൽ പങ്കാളികളാണ്.















