ടിക് ടോക്കിൽ വീഡിയോ പോസ്റ്റ് ചെയ്ത മകളെ പിതാവ് വെടിവച്ച് കൊന്നു. 15 കാരി ഹിറയാണ് കൊല്ലപ്പെട്ടത്. പിതാവ് അൻവർ ഉൾ-ഹഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാകിസ്താനിലെ തെക്കുപടിഞ്ഞാറൻ നഗരമായ ക്വറ്റയിലാണ് സംഭവം.
25 വർഷമായി യുഎസിലാണ് പെൺകുട്ടിയുടെ കുടുംബവും താമസിക്കുന്നത്. മകളുടെ സോഷ്യൽ മീഡിയ ഉപയോഗം പിതാവ് വിലക്കിയിരുന്നു. ഇത് വകവയ്‌ക്കാതെ പെൺകുട്ടി സ്വന്തം വീഡിയോ ഷെയർ ചെയ്തു. ഇതോടെ പെൺകുട്ടിയെ കൊലപ്പെടുത്താൻ പിതാവും അമ്മാവനും ചേർന്ന് പദ്ധതി തയ്യാറാക്കുകയായിരുന്നു. പദ്ധതി പ്രകാരം കുടുംബം അടുത്തിടെ പാകിസ്താനിലേക്ക് മടങ്ങുകയും ചെയ്തു.
ആളൊഴിഞ്ഞ തെരുവിൽ വെച്ച് അജ്ഞാതരായ തോക്കുധാരികൾ മകളെ വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് പിതാവ് ആദ്യം പൊലീസിനോട് പറഞ്ഞത്. മൊഴികളിലെ വൈരുദ്ധ്യത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദുരഭിമാനക്കൊലയെന്ന് കണ്ടെത്തിയത്.
മകളുടെ വസ്ത്രധാരണം, ജീവിതശൈലി എന്നിവയിൽ കുടുംബത്തിനുണ്ടായ എതിർപ്പാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥൻ ബാബർ ബലോച്ച് പറഞ്ഞു. പ്രതിക്ക് യുഎസ് പൗരത്വമുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് അമ്മാവനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
പാകിസ്താനിലെ സ്വതന്ത്ര മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോർട്ടനുസരിച്ച്, ഓരോ വർഷവും 1,000-ലധികം സ്ത്രീകൾ സോഷ്യൽ മീഡിയ ഉപയോഗത്തിന്റെ പേരിൽ കൊല്ലപ്പെടുന്നുണ്ട്.















