തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ടുവയസുകാരിയുടെ കൊലപാതകത്തിൽ അമ്മാവൻ ഹരികുമാർ കുറ്റം സമ്മതിച്ചതായി പൊലീസ്. ഇന്ന് പുലർച്ചെയാണ് രണ്ടുവയസുകാരി ദേവേന്ദുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ കാണാനില്ലെന്ന അമ്മയുടെ പരാതിയിൽ നടത്തിയ തെരച്ചിലാണ് കുട്ടിയുടെ മൃതദേഹം കിണറ്റിൽ നിന്നും കണ്ടെത്തുന്നത്.
ബാലരാമപുരം കോട്ടുകാൽകോണത്ത് ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ ജീവനോടെ കിണറ്റിൽ എറിഞ്ഞുകൊന്നതെന്നാണ് സംശയിക്കുന്നത്. ഇൻക്വസ്റ്റിൽ കുട്ടിയുടെ ശരീരത്തിൽ കാര്യമായ പരിക്കുകളൊന്നും കണ്ടെത്തിയിരുന്നില്ല. ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ മൊഴികളാണ് വീട്ടുകാർ പൊലീസിന് നൽകിയത്. മാത്രമല്ല കുട്ടിയെ കാണാതായതിനുപിന്നാലെ സഹോദരന്റെ മുറിയിൽ തീപിടിത്തമുണ്ടായതും ദുരൂഹത വർദ്ധിപ്പിച്ചിരുന്നു.
ആദ്യഘട്ടത്തിൽ തന്നെ സംഭവം കൊലപാതകമാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. വീട്ടുകാരെ തുടർച്ചയായി ചോദ്യം ചെയ്യുന്നതിനിടെയാണ് അമ്മാവൻ ഹരികുമാർ കുറ്റം സമ്മതിക്കുന്നത്. കൊലപാതക കാരണം വ്യക്തമല്ല. വീട്ടുകാർക്കിടയിൽ സാമ്പത്തിക തർക്കങ്ങൾ നിലനിന്നിരുന്നതായാണ് നാട്ടുകാർ നൽകുന്ന വിവരം.















