ഉത്തരേന്ത്യയിൽ, ദശനാമി സന്യാസിമാർ ഏഴ് അഖാഢകളായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു. കുംഭമേളയിൽ 13 അംഗീകൃത അഖാഢകളുണ്ട്. ജുന അഖാഡയാണ് ഏറ്റവും വലുത്. ഏഴെണ്ണം സ്ഥാപിച്ചത് ആദിശങ്കരാചാര്യരാണ് അവ ദശനാമി സമ്പ്രദായത്തിലാണ് ഉള്ളത്.
1 . ശ്രീ പഞ്ച ദശനാം ജുന അഖാഢ(ബാബ ഹനുമാൻ ഘട്ട്, വാരണാസി, യു.പി):
ആദിശങ്കരാചാര്യൻ സ്ഥാപിച്ച ശൈവ ദശനാമി സമ്പ്രദായം പിന്തുടരുന്ന ജുന അഖാഢ, 13 അഖാഢകളിൽ ഏറ്റവും വലുതാണ്. കിന്നർ അഖാഢയും (ട്രാൻസ്‌ജെൻഡർ അഖാഢ) ജുന അഖാഢയുടെ കീഴിലാണ്. ജുന എന്ന നിലയിൽ രൂപീകരിക്കപ്പെട്ടത് 1146 AD യിലാണ് . അതിനുമുമ്പ് അവർ ബൈരാഗികൾ എന്നറിയപ്പെട്ടിരുന്നു. ഉത്തരാഖണ്ഡിലെ കർണപ്രയാഗിലാണ് ആദ്യത്തെ ആശ്രമം സ്ഥാപിച്ചത്. ഇതിനെ ഭൈരവ് അഖാര എന്നും വിളിക്കുന്നു. ഇതിന്റെ അധിപൻ ശിവനും രുദ്രാവതാര ഗുരു ദത്താത്രേയനുമാണ്.
2 . ശ്രീ പഞ്ചായത്തി നിരഞ്ജനി അഖാഢ ( ദരാഗഞ്ച്, പ്രയാഗ്‌രാജ്, യു.പി):
രണ്ടാമത്തെ വലിയ അഖാഢയാണ് ശ്രീ പഞ്ചായത്തി നിരഞ്ജനി അഖാഢ. 904-ൽ ഗുജറാത്തിലാണ് ഇത് സ്ഥാപിതമായത്. നിരഞ്ജനി അഖാഢ കാർത്തികേയനെ ആരാധിക്കുന്നു . ഈ അഖാരയുടെ അംഗങ്ങളിൽ 50% ത്തിലധികം ഡോക്ടർമാരും എഞ്ചിനീയർമാരും പ്രൊഫസർമാരും ആണ് എന്നാണ് കണക്ക്. ഹരിദ്വാറിലെ മായാപൂർ ആസ്ഥാനമായ ശ്രീ പഞ്ചായത്തിതപോനിധി നിരഞ്ജനി അഖാര എന്നാണ് ഇതിന്റെ മുഴുവൻ പേര്. നിരഞ്ജനി അഖാരയിൽ ചേരുന്നതിനുള്ള നിയമങ്ങൾ നേരത്തെ കർശനമായിരുന്നെങ്കിലും കാലക്രമേണ ചില ഇളവുകൾ വരുത്തി.മെറിറ്റിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് സന്യാസിയെ തിരഞ്ഞെടുക്കുന്നത്. അഖാരയിൽ ചേരുന്നതിന് മുമ്പ് അഞ്ച് വർഷം ബ്രഹ്മചര്യം പിന്തുടരേണ്ടത് ആവശ്യമാണ്. ഗുരുവിനെ സേവിക്കാൻ യോഗ്യനാണെന്ന് തെളിയിക്കുന്നയാൾക്ക് മാത്രമേ നാഗ ദീക്ഷ നൽകൂ.
ഇതും വായിക്കുക
3 . ശ്രീ പഞ്ച് അടൽ അഖാഢ (ചാക് ഹനുമാൻ, വാരണാസി, യു.പി):
കടുത്ത അച്ചടക്കത്തിന് പേരുകേട്ട ഏറ്റവും പഴയ മൂന്ന് അഖാഢകളിൽ ഒന്നാണിത്. അവർ ഗണപതിയെ ആരാധിക്കുന്നു. ജനങ്ങൾക്കിടയിൽ ധാർമ്മിക ഗുണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഈ ‘അഖാഢ’ പ്രവർത്തിക്കുന്നു. ഈ അഖാഢയിലെ ‘സന്യാസി’ ഒരു കൈയിൽ ‘മാല’ (ജപമാല) യും മറ്റേ കൈയിൽ ‘ഭാല’ (കുന്തം) യും പിടിക്കുന്നതായി സങ്കൽപ്പിക്കുന്നു.
4 . ശ്രീ പഞ്ച് ദശനാമി ആവാഹൻ അഖാഢ (ദശാശ്വമേധ് ഘട്ട്, വാരണാസി, യു.പി) :
ഇത് ഏറ്റവും പഴയ അഖാഢയാണ്. ദത്താത്രേയനാണ് ആരാധനാമൂർത്തി. ആവാഹൻ അഖാഢ നാഗ സന്യാസിമാരുടെ തുടക്കക്കാരായി കണക്കാക്കപ്പെടുന്നു.
5 . തപോനിധി ശ്രീ ആനന്ദ് പഞ്ചായത്തി അഖാഢ ( ത്രയംബകേശ്വർ, നാസിക്, മഹാരാഷ്‌ട്ര ):
ഏറ്റവും പഴക്കമുള്ള രണ്ടാമത്തെ അഖാഢയാണിത്. ദേവൻ ഭുവൻ ഭാസ്കർ സൂര്യനാരായണനാണ് ഈ അഖാഢയുടെ ആരാധനാ മൂർത്തി.
മറ്റ് ‘അഖാഢ’കളിൽ നിന്ന് വ്യത്യസ്തമായി ഇവർ ഒരു പ്രത്യേക പ്രോട്ടോക്കോൾ പാലിക്കുന്നില്ല.
6. ശ്രീ പഞ്ചായത്തി മഹാനിർവാണി അഖാഢ(ദരാഗഞ്ച്, പ്രയാഗ്‌രാജ്, യു.പി):
പരിസ്ഥിതി സൗഹൃദ ജീവിതം ഉയർത്തിപ്പിടിക്കുന്ന ഈ അഖാഢയുടെ ആരാധനാ മൂർത്തി ഋഷി കപിലമുനിയാണ്. മണ്ഡലേശ്വർ എന്ന സങ്കല്പത്തിന് തുടക്കമിട്ടത് ഈ അഖാഢയിലാണ് എന്ന് വിശ്വസിക്കപ്പെടുന്നു .
7 . ശ്രീ പഞ്ച ദശനാമി പഞ്ചാഗ്നി അഖാഢ/ശ്രീ ശംഭു പഞ്ചാഗ്നി അഖാഢ (ഗിരിനഗർ, ഭവനാഥ്, ജുനാഗഡ് (ഗുജറാത്ത്) ):
നാഗ സന്യാസിമാരില്ലാത്ത അഖാഢയാണിത്. ബ്രഹ്മചാരി സന്യാസിമാരുടെ ഈ അഖാഢയുടെ ദേവത മാതാ ഗായത്രിയാണ്. സൗജന്യ വിദ്യാഭ്യാസം, വനവൽക്കരണം, പശുക്കളെ സേവിക്കൽ തുടങ്ങിയ സാമൂഹിക കാര്യങ്ങൾ ഏറ്റെടുക്കുന്നു. പല ശൈവ അഖാഢകളിൽ നിന്ന് വ്യത്യസ്തമായി, അവർ പരമ്പരാഗത അഗ്നിയാഗത്തിൽ നിന്നും (ധുനി) ലഹരിവസ്തുക്കൾ കഴിക്കുന്നതിൽ നിന്നും വിട്ടുനിൽക്കുകയും ചെയ്യുന്നു.
വൈഷ്ണവരായ മൂന്ന് അഖാഢകൾ ബൈരാഗി അഖാഢകൾ എന്ന് അറിയപ്പെടുന്നു
1. ശ്രീ നിർമോഹി അനി അഖാഢ (ധീർ സമീർ മന്ദിർ ബൻസിവത്, വൃന്ദാവൻ, മഥുര, യു.പി) :
18 വൈഷ്ണവ ഗ്രൂപ്പുകളെ സംയോജിപ്പിച്ച് വൃന്ദാവനത്തിലാണ് ഇത് രൂപീകരിച്ചത്. വൈഷ്ണവ സമ്പ്രദായത്തിലെ രാമാനന്ദി വിഭാഗത്തെ പിന്തുടരുന്ന ഇവർ ഭഗവാൻ രാമനെയും ഹനുമാനെയും ആരാധിക്കുന്നു. രാമക്ഷേത്ര പ്രസ്ഥാനത്തിലെ നിയമയുദ്ധത്തിൽ ഇവർ ഭാഗഭാക്കായിരുന്നു. ആചാര്യ രാമാനന്ദാചാര്യയാണ് ‘അഖാഢ’ സ്ഥാപിച്ചത്. സ്ത്രീകൾ ഉൾപ്പെടെയുള്ള ആളുകൾക്ക് ഈ ‘അഖാഢ’യുടെ ഭാഗമാകാനും പ്രധാനപ്പെട്ട സ്ഥാനങ്ങൾ നേടാനും, സ്ത്രീകൾക്ക് ‘മഹാമണ്ഡലേശ്വരി’കളാകാൻ കഴിയും.
2 . ശ്രീ ദിഗംബർ ആനി അഖാഢ ( ഷംലാജി കാക്ചൗക്ക് ക്ഷേത്രം, സംഭാർ കാന്ത ഗുജറാത്ത്) :
ശുഭ്രവസ്ത്രം മാത്രം ധരിക്കുന്ന ഈ അഖാഢയിലെ നാഗ സാധുക്കൾ ‘ശസ്ത്ര’ത്തിലൂടെയും ‘ശാസ്ത്ര’ത്തിലൂടെയും ധർമ്മത്തിന് വേണ്ടി പോരാടാൻ തയ്യാറാണ്. അവർ സേവനത്തിൽ വിശ്വസിക്കുകയും കുംഭമേളകളിൽ ‘ലംഗറുകളും’ ‘ഭണ്ഡാരങ്ങളും’ നടത്തുകയും ചെയ്യുന്നു.അവർ രുദ്രാക്ഷത്തിന് പകരം തുളസി മാല ഉപയോഗിക്കുന്നു
3. ശ്രീ നിർവാണി അഖാഢ ( അയോധ്യ, യു.പി) :
ഗുസ്തി വളർത്തുന്നു, ആയുധങ്ങളില്ലാതെ പോരാടുന്നു. ഭരണഘടനയുടെ വികസനത്തിന് സംഭാവന നൽകി. ഗുസ്തിയിൽ പ്രൊഫഷണലുകളെ വളർത്തുന്ന ഈ ‘അഖാഢ’യിലെ അംഗങ്ങൾ പലരും ദേശീയ തലത്തിലുള്ള ഗുസ്തി മത്സരങ്ങളിൽ പങ്കെടുത്ത് മെഡലുകൾ നേടിയവരാണ്. 2004-ൽ അഖാര പരിഷത്ത് പ്രസിഡൻ്റായ ശ്രീ മഹന്ത് ഗ്യാൻ ദാസ് മഹാരാജ് ഉത്തർപ്രദേശിലും ചാമ്പ്യനായിരുന്നു, കൂടാതെ നിരവധി കിരീടങ്ങൾ നേടിയിട്ടുണ്ട്. നി-യുദ്ധ അല്ലെങ്കിൽ ആയുധങ്ങളില്ലാതെ യുദ്ധം ചെയ്യുന്ന ഒരു പാരമ്പര്യവും ‘നിർവാണി അഖാഢയിലുണ്ട്
3 ഉദാസീൻ അഖാഢകൾ. ഇവർ സിഖ് പാരമ്പര്യം പിന്തുടരുന്നു.
1. ശ്രീ പഞ്ചായത്തി ബഡാ ഉദാസീൻ അഖാഢ (കൃഷ്ണനഗർ, പ്രയാഗ്‌രാജ്, യു.പി ):
ഗുരുനാനാക്കിന്റെ മൂത്ത മകൻ ശ്രീ ചന്ദിന്റെ ഉപദേശങ്ങൾ പിന്തുടരുന്ന ബഡാ ഉദാസീൻ അഖാഢ 1825-ൽ യോഗിരാജ് ശ്രീ നിർവ്വാൻദേവ് ജി മഹാരാജ് ഹരിദ്വാറിൽ സ്ഥാപിച്ചതാണ്.
2. ശ്രീ പഞ്ചായതി നയ ഉദസിൻ അഖാഢ ( കൻഖൽ, ഹരിദ്വാർ, ഉത്തരാഖണ്ഡ് ) :
ശ്രീ പഞ്ചായത്തി ബഡാ ഉദാസിൻ അഖാഢയുമായുള്ള തർക്കത്തെ തുടർന്ന് 1846-ൽ മഹന്ത് സുധീർ ദാസ് രൂപീകരിച്ചതാണ് ഇത്.മനുഷ്യരാശിയെ സേവിക്കാൻ പ്രതിജ്ഞാബദ്ധരായ ഇവർ കോവിഡ് -19 സമയത്ത്, അഞ്ച് ലക്ഷത്തിലധികം ആളുകൾക്ക് സൗജന്യ ഭക്ഷണവും മരുന്നുകളും വിതരണം ചെയ്തു.
3. ശ്രീ നിർമ്മൽ പഞ്ചായത്തി അഖാഢ (കൻഖൽ, ഹരിദ്വാർ, ഉത്തരാഖണ്ഡ്):
അവർ നിർമ്മല സമ്പ്രദായം പിന്തുടരുന്നു. 1856-ൽ പഞ്ചാബിൽ ദുർഗ സിംഗ് മഹാരാജാണ് ഇത് സ്ഥാപിച്ചത് .ഇതിന് സിഖ് മതവുമായി അടുത്ത ബന്ധമുണ്ട് .വേദങ്ങളും ധർമ്മ ശാസ്ത്രവും പഠിക്കാൻ ഗുരു ഗോവിന്ദ് സിംഗ് അഞ്ച് കാഷായവസ്ത്ര ധാരികളെ (പഞ്ച് നിർമ്മൽ ഗൗരിക്) വാരണാസിയിലേക്ക് അയച്ചതായി പറയപ്പെടുന്നു . അവർ ഇതെല്ലം പഠിച്ചതിനുശേഷം നിർമ്മൽ സമ്പ്രദായ് എന്ന പേരിൽ സ്വന്തം വിഭാഗം രൂപീകരിച്ചതായി വിശ്വസിക്കപ്പെടുന്നു.
ഓരോ അഖാഢയ്‌ക്കും അതിൻ്റേതായ തനതായ പാരമ്പര്യങ്ങളും നേതൃത്വ ഘടനയും ആത്മീയ രീതികളും ഉണ്ട്. സുഗമമായ ഭരണം ഉറപ്പാക്കാൻ ഓരോ അഖാഢയും ഒരു ശ്രേണിപരമായ ഘടനയോടെയാണ് പ്രവർത്തിക്കുന്നത്.
ആചാര്യ മഹാമണ്ഡലേശ്വർ : ഒരു അഖാഢയിലെ ഏറ്റവും ഉയർന്ന പദവിയാണ് ഇത്, അഖാഢയുടെ ആത്മീയവും ഭരണപരവുമായ പ്രവർത്തനങ്ങൾ നയിക്കുന്നതിന് ഉത്തരവാദിയാണ് ഇദ്ദേഹം.
മഹാമണ്ഡലേശ്വർ: അഖാഢയുടെ മതപരവും സാംസ്കാരികവുമായ ഉത്തരവാദിത്തങ്ങളുടെ മേൽനോട്ടം വഹിക്കുന്ന രണ്ടാമത്തെ ഉയർന്ന സ്ഥാനം.
ശ്രീമഹന്ത്: അഖാഢയുടെ ദൈനംദിന ഭരണപരമായ ചുമതലകളുടെ ഉത്തരവാദിത്തം.
ശൈവ അഖാഢകളുടെ അവിഭാജ്യ ഘടകമായ നാഗ സന്യാസിമാർ ലൗകികമായ ബന്ധങ്ങൾ ഉപേക്ഷിച്ച് മോക്ഷത്തിനും ആത്മസാക്ഷാത്കാരത്തിനും വേണ്ടി സ്വയം സമർപ്പിച്ചവരാണ്. ഈ സന്യാസിമാർ വസ്ത്രമുൾപ്പെടെ എല്ലാ ഭൗതിക സുഖങ്ങളും ഉപേക്ഷിച്ച്, തീവ്ര തപസ്സു ചെയ്യുന്നരാണ്. വിശുദ്ധ നഗരമായ പ്രയാഗ്‌രാജിലേക്കുള്ള അവരുടെ പ്രവേശനമാണ് കുംഭമേളയുടെ തുടക്കം കുറിക്കുന്നത്.ഇതിനെ പേഷ്വായ് ഘോഷയാത്രകൾ എന്ന് പറയുന്നു.
കിന്നർ അഖാഢ
ട്രാൻസ്‌ജെൻഡർ സമൂഹത്തെ പ്രതിനിധീകരിക്കുന്ന കിന്നർ അഖാഢയ്‌ക്ക് സമീപ വർഷങ്ങളിലാണ് പ്രാധാന്യം ലഭിച്ചത്. ഇത് നിലവിൽ ജൂന അഖാഢയ്‌ക്ക് കീഴിലാണ്.
എഴുതിയത്
രഞ്ജിത് കാഞ്ഞിരത്തിൽ















