ലക്നൗ: കോൺഗ്രസ് എംപി രാകേഷ് റാത്തോഡ് പീഡനക്കേസിൽ അറസ്റ്റിൽ. യുപിയിലെ സീതാപൂരിലാണ് എംപി അറസ്റ്റിലായത്. യുവതി നൽകിയ ലൈംഗിക പീഡന പരാതിയിന്മേലാണ് പൊലീസ് നടപടി. സീതാപൂർ എംപിയാണ് അറസ്റ്റിലായ റാത്തോഡ്. വീട്ടിൽ വച്ച് വാർത്താസമ്മേളനം നടത്തുകയായിരുന്ന എംപിയെ പ്രസ് മീറ്റിനിടയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കേസുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യാപേക്ഷ രാകേഷ് നൽകിയിരുന്നു. ഇത് അലഹബാദ് ഹൈക്കോടതി തള്ളിയതോടെയാണ് പൊലീസ് നടപടി. മുൻകൂർ ജാമ്യാപേക്ഷ നിരാകരിച്ച അലഹബാദ് ഹൈക്കോടതി രാകേഷിനോട് പൊലീസിൽ കീഴടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കോൺഗ്രസിന്റെ ഉത്തർപ്രദേശ് യൂണിറ്റ് ജനറൽ സെക്രട്ടറിയാണ് അറസ്റ്റിലായ രാകേഷ്. ജനുവരി 17-നായിരുന്നു ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത്. കഴിഞ്ഞ നാല് വർഷമായി രാകേഷ് തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുണ്ടെന്നാണ് യുവതിയുടെ പരാതി. വിവാഹം കഴിക്കാമെന്ന് രാകേഷ് ഉറപ്പുനൽകിയിരുന്നതായും യുവതി പറയുന്നു. എംപിയുമായി നടത്തിയ സംഭാഷണങ്ങളുടെ രേഖകളും യുവതി പൊലീസിന് സമർപ്പിച്ചു. തുടർന്നാണ് പരാതിയിൽ കഴമ്പുണ്ടെന്ന് തിരിച്ചറിഞ്ഞ പൊലീസ് നടപടിയെടുക്കുകയായിരുന്നു.