വാഷിംഗ്ടൺ: വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മസാച്യുസെറ്റ്‌സിലെ പ്ലൈമൗത്ത് കൗണ്ടിയിൽ നടന്ന വാഹനാപകടത്തിൽ ഹൈദരാബാദ് സ്വദേശി മുഹമ്മദ് വാജിദാണ് മരിച്ചത്. 28 വയസായിരുന്നു. അടുത്തിടെയാണ് ചിക്കാഗോയിൽ നിന്ന് മാസ്റ്റേഴ്സ് ഡിഗ്രി പൂർത്തിയാക്കിയത്.
വാജിദ് ഓടിച്ചിരുന്ന സെമി-ട്രക്ക് ധാന്യങ്ങൾ കയറ്റി വന്ന ട്രക്കിലിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ വാജിദ് ഓടിച്ചിരുന്ന വാഹനം രണ്ടായി പിളർന്നു. പുലർച്ചെ 12.42-നായിരുന്നു അപകടം. വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതോടെ സമീപപ്രദേശങ്ങളിലേക്ക് തീ പടർന്നിരുന്നു. സംഭവത്തിന് പിന്നാലെ വാജിദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ മാസം മെംഫിസ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയും വാഹനാപകടത്തിൽ മരിച്ചിരുന്നു. ആന്ധ്രപ്രദേശ് സ്വദേശിയായ വന്ദന പരിമലയ്‌ക്കാണ് അമേരിക്കയിലെ നിരത്തിൽ ജീവൻ പൊലിഞ്ഞത്.















