കാസർകോട്: 16-കാരന് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി ഒരു വർഷത്തിന് ശേഷം അറസ്റ്റിൽ. കെഎസ്ആർടിസി ബസ് കണ്ടക്ടർ പി. രാജയാണ് (42) അറസ്റ്റിലായത്.
2024 മെയ് പത്തിനാണ് കേസിനാസ്പദമായ സംഭവം. നീലേശ്വരം ബസ് സ്റ്റാൻഡിൽ നിന്ന് കണ്ണൂരിലേക്ക് അമ്മയോടൊപ്പം ബസിൽ കയറിയതാണ് 16-കാരൻ. കുട്ടിയുടെ അമ്മ മറ്റൊരു സീറ്റിലിരിക്കവേയാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നി നടത്തിയ കൗൺസിലിംഗിലാണ് പീഡനവിവരം പുറത്തുവന്നത്.
തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നീലേശ്വരം പൊലീസാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. പ്രതിയെ നേരിൽ കണ്ടാൽ തിരിച്ചറിയുമെന്നും കുട്ടി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്. വീട്ടിലെത്തിയാണ് രാജയെ അറസ്റ്റ് ചെയ്തത്.















