വയനാട്: പൂക്കോട് വെറ്ററിനറി കോളേജിൽ ഐഇഡി ബോംബ് ഭീഷണി. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിന് പ്രതികാരം ചെയ്യുമെന്നാണ് ഭീഷണിയിൽ പറയുന്നത്. സ്ഥലത്ത് പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തുകയാണ്. വൈസ് ചാൻസലർക്കും രജിസ്ട്രാർക്കുമാണ് ഭീഷണി സന്ദേശമടങ്ങിയ ഇ-മെയിലുകൾ ലഭിച്ചത്.
അസ്വാഭാവികമായ മെയിൽ ലഭിച്ചതിന് പിന്നാലെ സർവകലാശാല അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. നക്സൽ നേതാവ് എസ്. മാരൻ ബോംബ് വെക്കുമെന്ന് സന്ദേശത്തിൽ പറയുന്നു. സിനിമാതാരം നിവേദിത പെതുരാജിന്റെ പേരിലുള്ള ഐഡിയിൽ നിന്നാണ് സന്ദേശമെത്തിയത്. പൂക്കോട് വെറ്ററിനറി കോളേജിലും ചെന്നൈയിലെ യുഎസ് കോൺസുലേറ്റിലും ബോംബ് വെക്കുമെന്നും സന്ദേശത്തിലുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് സേലത്തെ വെറ്ററിനറി കോളേജിനും സമാനമായ ഭീഷണി സന്ദേശം ലഭിച്ചിരുന്നു.