ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും ദിവസം ബാക്കി നിൽക്കെ ഭരണകക്ഷിയായ ആംആദ്മി പാർട്ടിക്ക് വൻ തിരിച്ചടി. ഏഴ് എംഎൽഎമാരാണ് പാർട്ടിയിൽ നിന്ന് രാജിവച്ചത്. ആംആദ്മി കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിൽ ഇനി പ്രതീക്ഷയില്ലെന്നും എല്ലാ വിശ്വാസവും നഷ്ടമായെന്നും ചൂണ്ടിക്കാട്ടിയാണ് AAP എംഎൽഎമാർ പാർട്ടിവിട്ടത്.
ആംആദ്മി പാർട്ടിയിൽ വിശ്വാസം നഷ്ടപ്പെട്ടതായി പാലം എംഎൽഎ ഭാവ്ന ഗൗർ സമർപ്പിച്ച രാജിക്കത്തിൽ രേഖപ്പെടുത്തി. ത്രിലോക്പുരി എംഎൽഎ രോഹിത് മെഹ്റൗലിയ, ജാനക്പുരി എംഎൽഎ രാജേഷ് റിഷി, കസ്തൂർബ നഗർ എംഎൽഎ മദൻ ലാൽ, മെഹ്റൗലി എംഎൽഎ നാരേഷ് യാദവ് എന്നിവരാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചത്. പാർട്ടി വിട്ടവരിൽ ആദർശ് നഗർ ജനപ്രതിനിധി പവൻ ശർമയും ബിജ്വാസനിൽ നിന്നുള്ള ബിഎസ് ജൂണും ഉൾപ്പെടുന്നു. ഇവരാരും തന്നെ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളല്ലെന്നതും ശ്രദ്ധേയമാണ്.
ഫെബ്രുവരി അഞ്ചിനാണ് ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. എട്ടിനാണ് വോട്ടെണ്ണൽ. യമുനാ നദിയിൽ ഹരിയാന വിഷം കലർത്തിയെന്ന കേജരിവാളിന്റെ പരാമർശം വലിയ തോതിൽ വിവാദമാവുകയും ആംആദ്മി പാർട്ടി വെട്ടിലാവുകയും ചെയ്ത സാഹചര്യത്തിലാണ് പാർട്ടിക്ക് ഇരുട്ടടി നൽകി ഏഴ് ജനപ്രതിനിധികൾ അംഗത്വം ഉപേക്ഷിച്ചത്.