ആലപ്പുഴ: മാന്നാറിൽ വൃദ്ധദമ്പതികളെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ (92), ഭാര്യ ഭാരതി (90) എന്നിവരാണ് മരിച്ചത്. തീപിടിത്തത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് ഭാഷ്യം.
മദ്യപാനിയായ മകൻ വീടിന് തീവച്ചതാണോയെന്ന സംശയമാണ് നിലനിൽക്കുന്നത്. മകൻ വിജയനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. വീടിന് പെട്രോളൊഴിച്ച് തീവച്ചതാണെന്നും മാതാപിതാക്കളെ കൊലപ്പെടുത്താനാണ് ഇത് ചെയ്തതെന്നും മകൻ പൊലീസിന് മൊഴി നൽകിയതായും വിവരമുണ്ട്.
ദമ്പതികളുടെ ശരീരം പൂർണമായും കത്തിയെരിഞ്ഞ നിലയിലാണ്. ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.















