ന്യൂഡൽഹി: രാജ്യം കാത്തിരുന്ന കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിനൊപ്പം വലിയൊരു ചരിത്രനേട്ടത്തിന് കൂടി സാക്ഷിയായിരിക്കുകയാണ് ഭാരതം. ധനമന്ത്രി നിർമലാ സീതാരാമൻ തുടർച്ചയായി എട്ട് തവണ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റുകൂടിയാണ് നിർമല അവതരിപ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി 2019ൽ രണ്ടാം തവണ അധികാരമേറ്റപ്പോഴാണ് ഇന്ത്യയുടെ ആദ്യ മുഴുവൻ സമയ വനിതാ ധനമന്ത്രിയായി നിർമലാ സീതാരാമൻ നിയമിതയായത്. അതിനുശേഷം, 2024 ഫെബ്രുവരിയിലെ ഇടക്കാല ബജറ്റ് ഉൾപ്പെടെ ഏഴ് തുടർച്ചയായ ബജറ്റുകൾ അവർ അവതരിപ്പിച്ചു.
2025–26 സാമ്പത്തിക വർഷത്തേക്കുള്ള സമ്പൂർണ ബജറ്റ് കൂടി അവതരിപ്പിച്ചതോടെ മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ റെക്കോർഡിലേക്കാണ് നിർമല അടുക്കുന്നത്. 1959നും 1969നും ഇടയിൽ പത്ത് ബജറ്റുകളായിരുന്നു മുൻ പ്രധാനമന്ത്രി അവതരിപ്പിച്ചത്. 1959 മുതൽ 64 വരെയുള്ള കാലഘട്ടത്തിൽ ധനമന്ത്രിയായിരിക്കെ ആറ് ബജറ്റുകളും 1967-69 കാലത്ത് നാല് ബജറ്റുകളും മൊറാർജി ദേശായി അവതരിപ്പിച്ചിരുന്നു. ഒമ്പത് ബജറ്റുകൾ അവതരിപ്പിച്ച പി. ചിദംബരവും എട്ട് ബജറ്റുകൾ അവതരിപ്പിച്ച പ്രണബ് മുഖർജിക്കും റെക്കോർഡുണ്ട്. പിവി നരസിംഹ റാവു സർക്കാരിൽ ധനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് 1991 മുതൽ 1995 വരെ അഞ്ച് ബജറ്റുകളാണ് അവതരിപ്പിച്ചത്.
എന്നാൽ നിർമലാ സീതാരാമന് തുടർച്ചയായി എട്ട് ബജറ്റുകൾ അവതരിപ്പിക്കാൻ കഴിഞ്ഞുവെന്നതാണ് നേട്ടം. കൂടാതെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം നടത്തിയതിന്റെ ബഹുമതിയും നിർമലയ്‌ക്ക് സ്വന്തമാണ്. 2020ലെ ബജറ്റ് പ്രസംഗം രണ്ട് മണിക്കൂർ 40 മിനിറ്റാണ് നീണ്ടുനിന്നത്. എന്നിട്ടും അവർക്ക് രണ്ട് പേജ് ഒഴിവാക്കേണ്ടി വന്നിരുന്നു.
ഏറ്റവും ഹ്രസ്വമായ ബജറ്റ് അവതരണം നടത്തിയത് ഹിരുഭായ് മുൽജിഭായ് പട്ടേലാണ്. 1977ലെ ബജറ്റ് അവതരണത്തിൽ 800 വാക്കുകൾ മാത്രം സംസാരിച്ച് അവർ നടത്തിയ പ്രസംഗമാണ് ചരിത്രത്തിലെ ഏറ്റവും ചെറിയ ബജറ്റ് പ്രസംഗം.















