ബംഗളൂരു: മാരക രോഗം ബാധിച്ച് ജീവിതത്തിലേക്ക് തിരിച്ച് വരില്ലെന്ന് ഉറപ്പുളളവർക്ക് നിഷ്ക്രിയ ദയാവധത്തിന് കർണാടക സർക്കാർ അംഗീകാരം നൽകി. ഡോക്ടർമാരുടെയും പാലിയേറ്റീവ് സംഘത്തിന്റെയും വിദഗ്ധ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനം എടുക്കുക.
ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും ഈ രീതി സ്വീകരിച്ചിട്ടുണ്ടെന്നും സുപ്രീംകോടതിയുടെ നിർദേശപ്രകാരം അന്തസ്സോടെ മരിക്കാനുള്ള അവകാശത്തിന് വഴിയൊരുക്കിയെന്നും ആരോഗ്യമന്ത്രി ദിനീഷ് റാവു പറഞ്ഞു, കിടപ്പ് രോഗികൾക്കും മാരക രോഗം ബാധിച്ചവർക്കും കുടുംബങ്ങൾക്കും തീരുമാനം ആശ്വാസം പകരുമെന്നും അദ്ദേഹം പറഞ്ഞു.
സുഖപ്പെടുത്താനാകാത്തതും ജീവിതത്തിലേക്ക് മടങ്ങിവരാനിടയില്ലെന്ന് ഉറപ്പായതുമായ രോഗാവസ്ഥയില്‍ കഴിയുന്ന ഒരു വ്യക്തിയുടെ ജീവൻ നിലനിർത്തുന്ന ചികിത്സ (WLST) തടഞ്ഞുവയ്‌ക്കുകയോ പിൻവലിക്കുകയോ ചെയ്യുന്നത് ഉചിതമായിരിക്കുമെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. 2023 ലെ സുപ്രീകോടതിയുടെ ചട്ടപ്രകാരമാണ് കർണാടക സർക്കാര് ഇത് സംബന്ധിച്ച നയം തയ്യാറാക്കിയത്. രണ്ട് ഘട്ട വൈദ്യ പരിശോധനയിലൂടെയും കോടതി ഉത്തരവിലൂടെയും മാത്രമേ ഇത് നടപ്പാക്കാനാകൂ. ഭാവിയിൽ ഇത്തരം അവസ്ഥ വന്നാൽ എന്തു ചെയ്യണമെന്നതിനെ കുറിച്ച് വ്യക്തികൾക്ക് വിൽപത്രം തയ്യാറാക്കിവെക്കാമെന്നും ഉത്തരവിൽ പറയുന്നു.















