ന്യൂഡൽഹി: കേന്ദ്ര ബജറ്റ് 2025-26ൽ കർഷകരെ ചേർത്തുനിർത്തിയതിന് പുറമേ അസമിനും ബിഹാറിനും സഹായങ്ങൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. പിന്നാക്ക സമൂഹങ്ങളിൽ നിന്നുള്ള സ്ത്രീകൾക്ക് സംരംഭകരാകാൻ വായ്പാ സഹായവും ധനമന്ത്രി പ്രഖ്യാപിച്ചു.
ബിഹാറിൽ മഖാന ബോർഡ് സ്ഥാപിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. പ്രോട്ടീൻ സമൃദ്ധമായ താമരവിത്ത് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനാണ് മഖാന ബോർഡ്. ഇത് കൂടാതെ പട്നയിലെ ഐഐടി വികസിപ്പിക്കുമെന്നും നിർമലാ സീതാരാമൻ പ്രഖ്യാപിച്ചു.
ഭക്ഷ്യ സംസ്കരണത്തിനായി ബിഹാറിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, എൻ്റർപ്രണർഷിപ്പ് ആൻഡ് മാനേജ്മെൻ്റ് സ്ഥാപിക്കും. മൂല്യവർദ്ധന, വൈദഗ്ധ്യം, സംരംഭകത്വം, യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ എന്നിവയിലൂടെ കർഷകർക്ക് മെച്ചപ്പെട്ട വരുമാനം നൽകാൻ ഇത് സഹായിക്കും. ബിഹാറിനെ ഫുഡ് ഹബ്ബാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
യൂറിയ ഉത്പാദനത്തിൽ സ്വാശ്രയത്വം കൈവരിക്കുന്നതിന്
അസമിൽ യൂറിയ പ്ലാന്റ് നിർമിക്കും. ഇവിടെ 12.7 ലക്ഷം മെട്രിക് ടൺ ഉത്പാദനം വാർഷിക ശേഷിയുള്ള പ്ലാന്റായിരിക്കും സ്ഥാപിക്കുക. പട്ടികജാതി, പട്ടികവർഗ വിഭാത്തിൽപ്പെട്ട വനിതകൾ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ വായ്പാ സഹായം നൽകും. രണ്ട് കോടി രൂപ വരെയുള്ള വായ്പകളാണ് വനിതകളുടെ ആദ്യ സംരംഭത്തിന് അനുവദിക്കുക. അഞ്ച് ലക്ഷം വനിതകൾക്ക് സഹായം ഉറപ്പാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
കൂടാതെ 1.5 ലക്ഷം ഗ്രാമീണ തപാൽ ഓഫീസുകളുള്ള ഇന്ത്യ പോസ്റ്റ് പേയ്‌മെൻ്റ് ബാങ്ക്, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്‌ക്ക് സഹായകമാകുമെന്നതിനാൽ പുനഃസ്ഥാപിക്കുമെന്നും നിർമല അറിയിച്ചു. ആഗോളതലത്തിൽ മത്സ്യബന്ധന ഉൽപന്നങ്ങളുടെ കാര്യത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണെന്ന് ചൂണ്ടിക്കാട്ടിയ ധനമന്ത്രി രാജ്യത്തിന്റെ സാമ്പത്തിക മേഖലയിൽ മത്സ്യബന്ധനം സുസ്ഥിരമായി പ്രയോജനപ്പെടുത്താൻ ചട്ടക്കൂട് കൊണ്ടുവരുമെന്നും പറഞ്ഞു.















