വാഷിങ്ടൺ: അമേരിക്ക അയൽരാജ്യങ്ങളായ കാനഡയ്‌ക്കും മെക്സിക്കോയ്‌ക്കും യു.എസ്. ഏർപ്പെടുത്തുന്ന 25 ശതമാനം ഇറക്കുമതിത്തീരുവ ശനിയാഴ്ച നിലവിൽ വരും. അനധികൃതകുടിയേറ്റം, മയക്കുമരുന്ന് കടത്ത്, വ്യാപാരക്കമ്മി എന്നിവ തടയുകയാണ് ഈ നടപടിയുടെ ലക്ഷ്യമെന്ന് ട്രംപ് പറഞ്ഞു. വ്യാപാര വിഷയങ്ങളിൽ ഇരുരാജ്യങ്ങളും യു.എസിനോട് അങ്ങേയറ്റം നീതികേടാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.പ്രതിവർഷം കാനഡയ്‌ക്ക്് 17,500 കോടി ഡോളറിന്റെ (15 ലക്ഷം കോടിരൂപ) സബ്‌സിഡിയും മെക്സിക്കോയ്‌ക്ക് 25,000-30,000 കോടി ഡോളർ (21.6 ലക്ഷം കോടി-25.9 ലക്ഷം കോടിരൂപ) സബ്‌സിഡിയും യു.എസ്. നൽകുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.
“അവരുടെ പക്കലുള്ളത് നമുക്കാവശ്യമില്ല. യു.എസിനാവശ്യമുള്ള എണ്ണയും തടികളും ഞങ്ങളുടെ പക്കലുണ്ട്” -ട്രംപ് പറഞ്ഞു.
അതിനിടെ ഡോളറിനെ ഒഴിവാക്കാൻ ശ്രമിച്ചാൽ ബ്രിക്സ് രാജ്യങ്ങൾക്ക് 100 ശതമാനം തീരുവ ചുമത്തുമെന്ന മുന്നറിയിപ്പ് ട്രംപ് ആവർത്തിച്ചു. ആഗോളവ്യാപാരത്തിൽ യു.എസ്. ഡോളറിന്റെ പ്രാധാന്യം ബ്രിക്സ് രാജ്യങ്ങൾ നിലനിർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.















