ന്യൂഡൽഹി: 2025-2026 ലെ കേന്ദ്ര ബജറ്റിൽ കാർഷികമേഖലയുടെ സമഗ്ര വികസനത്തിന് ഊന്നൽ നൽകി കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ പ്രഖ്യാപനങ്ങൾ. സംസ്ഥാനങ്ങളുമായി സഹകരിച്ച് ‘പ്രധാനമന്ത്രി
ധൻധാന്യ കൃഷി യോജന’ നടപ്പാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തെ 1.7 കോടി ഗ്രാമീണ കർഷകർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. കാർഷിക ഉത്പാദന ശേഷി കുറഞ്ഞ 100 ജില്ലകൾ കേന്ദ്രീകരിച്ച് കാർഷിക വികസനം ത്വരിതപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിലൂടെ അന്യസംസ്ഥാനങ്ങളിലേക്കുള്ള കുടിയേറ്റം കുറച്ച് ഗ്രാമീണ മേഖലയിൽ തന്നെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു.
വിള വൈവിധ്യ വൽക്കരണം, സുസ്ഥിര കൃഷി രീതികൾ, പഞ്ചായത്ത് ബ്ലോക്ക് തലങ്ങളിൽ വിളവെടുപ്പിന് ശേഷമുള്ള സംഭരണം, ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ഉയർന്ന ഉത്പാദന ശേഷിയുള്ളവിത്തുകൾ ലഭ്യമാക്കുക, ദീർഘകാല ഹ്രസ്വകാല വായ്പകൾ ലഭ്യമാക്കുക എന്നിവയിലൂടെ കാർഷിക ഉത്പാദനക്ഷമത വർദ്ധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
പരുത്തി കൃഷി കർഷകർക്കായി പ്രത്യേക പ്രഖ്യാപനവും ബജറ്റിലുണ്ടായിരുന്നു. മഖാനാ കർഷകരെ ശാക്തീകരിക്കാൻ ബിഹാറിനായി മഖാനാ ബോർഡ് രൂപീകരിക്കുമെന്നും കേന്ദ്രമന്ത്രി
കൂട്ടിച്ചേർത്തു. കിസാൻ പദ്ധതികളിൽ വായ്പാ പരിധി ഉയർത്തുമെന്നതാണ് മറ്റൊരു സുപ്രധാന തീരുമാനം. കിസാൻ ക്രെഡിറ്റ് കാർഡ് പരിധി അഞ്ച് ലക്ഷമായി ഉയർത്തി.
പയറുവർഗങ്ങളുടെ ഉത്‌പാദനത്തിൽ സ്വാശ്രയത്വം കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള 6 വർഷത്തെ ദൗത്യം സർക്കാർ ആരംഭിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഏജൻസികളിൽ രജിസ്റ്റർ ചെയ്യുകയും കരാറിൽ ഏർപ്പെടുകയും ചെയ്യുന്ന കർഷകരിൽ നിന്ന് മൂന്നിനം പയറുവർഗങ്ങൾ സംഭരിക്കാൻ നാഫെഡ്, എൻസിസിഎഫ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ തയ്യാറാകും.















