ന്യൂഡൽഹി: കേന്ദ്ര ബജറ്റ് 2025-26ൽ ജനപ്രിയ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിർമലാ സീതാരാമൻ. ആദായ നികുതി ഇളവിനുള്ള പരിധി 12 ലക്ഷം വരെയായി ഉയർത്തിയതിന് പുറമേ കർഷകരെയും സ്ത്രീകളെയും യുവാക്കളെയും വിദ്യാർത്ഥികളെയും ചേർത്തുപിടിക്കുന്ന നിരവധി പ്രഖ്യാപനങ്ങളും കേന്ദ്രമന്ത്രി നടത്തിയിരുന്നു. ഇതുകൂടാതെ ഗുരുതര രോഗങ്ങളോട് മല്ലിടുന്നവർക്ക് സാമ്പത്തിക ഭാരം കുറയ്‌ക്കുന്നതിനുള്ള പ്രഖ്യാപനവും ധനമന്ത്രി നടത്തി. 36 ജീവൻരക്ഷാ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി പൂർണമായും ഒഴിവാക്കിയതായി നിർമലാ സീതാരാമൻ അറിയിച്ചു.
ക്യാൻസർ രോഗികൾക്ക് ആശ്വാസമാകുന്നതാണ് ഈ പ്രഖ്യാപനം. ഇതുകൂടാതെ 37 മറ്റ് മരുന്നുകളും 13 പുതിയ പേഷ്യന്റ് അസിസ്റ്റൻസ് പ്രോഗ്രാമുകളും ബേസിക് കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി. ക്യാൻസർ മരുന്നുകളായ ട്രസ്റ്റുസുമാബ്, ഒസിമെർട്ടിനിബ്, ദുർവാലുമാബ് എന്നിവയെ കസ്റ്റംസ് തീരുവയിൽ നിന്ന് ഒഴിവാക്കിയതായും ധനമന്ത്രി അറിയിച്ചു.
ഇവ കൂടാതെ രാജ്യത്തെ എല്ലാ ജില്ലാ ആശുപത്രികളിലും ഡേ കെയർ ക്യാൻസർ സെൻ്ററുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. 2025-26 സാമ്പത്തിക വർഷത്തിൽ മാത്രം 200 സെന്ററുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി ഉറപ്പുനൽകി. അടുത്ത വർഷത്തിനുള്ളിൽ 10,000 അധിക സീറ്റുകൾ മെഡിക്കൽ കോളേജുകളിൽ കൂട്ടിച്ചേർക്കും. അടുത്ത 5 വർഷത്തിനുള്ളിൽ 75,000 അധിക സീറ്റുകളാണ് കൊണ്ടുവരികയെന്നും ധനമന്ത്രി പറഞ്ഞു.















