പിസിബിക്കെതിരെ ആഞ്ഞടിച്ച് പാകിസ്താൻ പേസർ ആമിർ ജമാൽ. ചാമ്പ്യൻസ് ട്രോഫി സ്ക്വാഡിൽ നിന്ന് അവസാന നിമിഷം ഒഴിവാക്കിയതാണ് താരത്തെ ചൊടിപ്പിച്ചത്. വഞ്ചനയ്‌ക്ക് ഒരു മുഖമുണ്ടെങ്കിൽ അതിനെ പിസിബി എന്ന് വിളിക്കാമെന്നാണ് താരം സോഷ്യൽ മീഡിയ സ്റ്റോറിയായി പങ്കുവച്ചത്. പത്രപ്രവർത്തകൻ അർഫ ഫിറോസ് ആണ് താരത്തിന്റെ സ്റ്റോറി എക്സിൽ പങ്കിട്ടത്. പിസിബി സെലക്ടർമാർ ജമാലുമായി സംസാരിച്ചിരുന്നുവെന്നും താരത്തെ സ്ക്വാഡിൽ ഉൾപ്പെടുത്താമെന്ന് ഉറപ്പ് പറഞ്ഞിരുന്നതായുമാണ് വിവരം. എന്നാൽ അവസാന നിമിഷം താരത്തെ തഴഞ്ഞ് ഫഹീം അഷ്റഫിന് അവസരം നൽകുകയായിരുന്നു.
കഴിഞ്ഞ വർഷം സിംബാബ്വേയ്‌ക്ക് എതിരെയുള്ള ഏകദിന പരമ്പരയിലാണ് 28-കാരനായ ആമിർ ജമാൽ അരങ്ങേറിയത്. മൂന്ന് ഏകദിനത്തിൽ നിന്ന് മൂന്ന് വിക്കറ്റായിരുന്നു സമ്പാദ്യം. പിന്നീട് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയുള്ള സ്ക്വാഡിൽ നിന്ന് തഴഞ്ഞു. ഇതുവരെ എട്ട് ടെസ്റ്റും മൂന്ന് ഏകദിനവും 6 ടി20യും കളിച്ചിട്ടുണ്ട്. അതേസമയം ജമാലിനെക്കാളും പരിചയ സമ്പന്നനാണ് ഫഹീം അഷ്റഫ്. പാകിസ്താന് വേണ്ടി 17 ടെസ്റ്റും 34 ഏകദിനവും 48 ടി20യും കളിച്ച പരിചയം ഓൾറൗണ്ടർക്കുണ്ട്.