കഴിഞ്ഞ കുറച്ച് നാളുകളായി സമാധാനവും സന്തോഷവും തന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്ന് നടി വീണ നായർ. കയ്യിൽ കാശുണ്ടെങ്കിൽ സന്തോഷമായി എന്നാണ് എല്ലാവരും പറയുന്നത്. പക്ഷേ, ഒരിക്കലും അങ്ങനെയല്ല. സമാധാനം ഉണ്ടെങ്കിൽ മാത്രമേ സന്തോഷത്തോടെ ഇരിക്കാൻ കഴിയുകയുള്ളൂവെന്നും വീണ നായർ പറഞ്ഞു. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
“ടെൻഷനൊന്നും ഇല്ലാതെ കുടുംബത്തോടൊപ്പം ഇരിക്കാൻ കഴിയുന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സന്തോഷം. ഞാനും ഭർത്താവും തമ്മിലുള്ളത് ഞങ്ങൾ തമ്മിലുള്ള പ്രശ്നമാണ്. എന്റെ മകൻ സന്തോഷമായിരിക്കുന്നു എന്നതിനെ കുറിച്ച് മാത്രമേ ഞാൻ ചിന്തിക്കുന്നുള്ളൂ. അച്ഛന്റെ സ്നേഹം അച്ഛന് മാത്രം നൽകാൻ കഴിയുന്നതാണ്. അത് അവന് കിട്ടുന്നുണ്ട്. എല്ലാത്തിനും ഒരു ഫുൾസ്റ്റോപ്പ് ഉണ്ടായിരിക്കും. വൈകാതെ എല്ലാവരെയും അറിയിക്കും.
അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ അദ്ദേഹത്തിന് ഇഷ്ടമുള്ളത് ഇടാം. അതിനുള്ള പൂർണ അവകാശം അദ്ദേഹത്തിനുണ്ട്. മുന്നോട്ടുള്ള ജീവിതത്തിൽ മറ്റൊരു സ്ത്രീയാണ് വേണ്ടതെങ്കിൽ പിന്നെ ഞാൻ എന്ത് പറയാനാണ്. ഒരുപാട് നാൾ എന്റെ ഉറക്കം പോയിട്ടുണ്ട്. ഇന്ന് എനിക്ക് നല്ല രീതിയിൽ കിടന്ന് ഉറങ്ങാൻ കഴിയുന്നു”.
ബോഡി ഷേമിംഗ് ഞാൻ ഇപ്പോഴും നേരിടുന്നുണ്ട്. ആരും മുഖത്ത് നോക്കി പറയാൻ ധൈര്യം കാണിക്കുന്നില്ല. കമന്റുകളിലൂടെയാണ് ഓരോന്ന് പറയുന്നത്. പക്ഷേ, അതൊന്നും താൻ കാര്യമാക്കാറില്ലെന്ന് വീണ നായർ പറഞ്ഞു.