ഡൽഹി: വ്യാജരേഖ ചമച്ച് ഇന്ത്യയിൽ താമസിച്ച മൂന്ന് ബംഗ്ലാദേശി പൗരന്മാർ പിടിയിൽ. വ്യാജ ഇന്ത്യൻ പാസ്‌പോർട്ടും ആധാർ കാർഡും ഉപയോഗിച്ച് ഇന്ത്യയിൽ കഴിഞ്ഞിരുന്ന ബംഗ്ലാദേശ് പൗരന്മാരെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഡൽഹിയിലെ പഹർഗഞ്ച് മേഖലയിൽ നടത്തിയ പരിശോധനയിലാണ് ജോഹ്‌റ ഖാത്തൂൺ എന്ന സ്വീറ്റി സർക്കാർ, മകൾ പുഷ്പ സർക്കാർ എന്ന സയ്യദ അക്തർ പുഷ്പ, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെ പിടികൂടിയത്.
ബംഗ്ലാദേശികളെന്ന് സംശയിച്ചിരുന്ന മൂന്ന് പേരുടെ ഫീൽഡ് വെരിഫിക്കേഷനും ഡാറ്റാബേസ് വിശകലനവും നടത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ഇവരുടെ താമസ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ രണ്ട് ഇന്ത്യൻ പാസ്‌പോർട്ടുകൾ, രണ്ട് ബംഗ്ലാദേശി പാസ്‌പോർട്ടുകൾ, അഞ്ച് ആധാർ കാർഡുകൾ, രണ്ട് പാൻ കാർഡുകൾ, ഒരു വോട്ടർ ഐഡി, ഒന്നിലധികം ബാങ്ക് രേഖകൾ, ബംഗ്ലാദേശ് വിദ്യാഭ്യാസ ബോർഡ് മാർക്ക് ഷീറ്റ് എന്നിവ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
ജോഹ്‌റ ഖാത്തൂൺ ബെനാപോൾ അതിർത്തിയിലൂടെ അനധികൃതമായി ഇന്ത്യയിലേക്ക് കടന്നതായും 20 വർഷത്തിലേറെയായി ഡൽഹിയിൽ താമസിക്കുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. വ്യാജ രേഖകൾ ഉപയോഗിച്ച് ജോഹ്‌റ ഖാത്തൂൺ 2020 ൽ ഒരു ഇന്ത്യൻ പാസ്‌പോർട്ട് സ്വന്തമാക്കി. ഇവരുടെ മകൾ 2024 സെപ്റ്റംബറിൽ ഇന്ത്യൻ പാസ്‌പോർട്ട് നേടിയതായും പൊലീസ് പറഞ്ഞു.















