ചിത്രശലഭങ്ങളുടെ ഉത്സവമായി ആഘോഷിക്കുന്ന വസന്തപഞ്ചമി മാഘമാസത്തിലെ വെളുത്തപക്ഷ പഞ്ചമി തിഥിയാണ്. കുംഭമേളകളിൽ ഒരു അമൃത് സ്നാനം വസന്തപഞ്ചമിക്കാണ് നടക്കുക. ശ്രീ പഞ്ചമിയായും ഈ തിഥി ആഘോഷിക്കാറുണ്ട് . വസന്തപഞ്ചമി മാഘ ഗുപ്ത നവരാത്രി അഥവാ മാതംഗീ നവരാത്രിയുടെ ഭാഗമാണ്.ശിശിരാരംഭത്തിലെ ശുക്ലപക്ഷ പഞ്ചമി നാളായ ഈ ദിനം ഋതുപരിവർത്തനം കൂടിയാണ്.സാധാരണ ഇംഗ്ലീഷ് കലണ്ടർ അനുസരിച്ച് ജനുവരി അവസാനമോ ഫെബ്രുവരി ആദ്യ പകുതിയോ ആണ് ഈ തിഥി വരിക .
ലോകമെങ്ങുമുള്ള ഹൈന്ദവർ വിദ്യാരംഭത്തിനും സരസ്വതീപൂജക്കുമായി വസന്തപഞ്ചമിദിനം സമർപ്പിച്ചിരിക്കുന്നു. (കേരളത്തിൽ വിജയദശമി നാളിലാണ് വിദ്യാരംഭം.) ഉത്തരേന്ത്യയിൽ പുസ്തകങ്ങളും പേനയും പൂജക്ക് വെക്കുന്നതും ആ ദിവസമാണ്. സംഗീതജ്ഞന്‍മര്‍ സംഗീതഉപകരണങ്ങൾ സരസ്വതിയുടെ കാല്‍ക്കല്‍ സമർപ്പിച്ച് പൂജിക്കുന്നു.
വസന്തപഞ്ചമി കഴിഞ്ഞ് നാൽപ്പത് ദിവസങ്ങൾക്ക് ശേഷമാണ് വർണ്ണങ്ങളുടെ ഉത്സവമായ ഹോളി ആരംഭിക്കുന്നത്. ഹോളിയുടെ ഒരുക്കങ്ങളുടെ തുടക്കവും വസന്ത പഞ്ചമി നാളിലാണ്. ഉത്തരഭാരതത്തിൽ കടുക് പൂക്കൾ വിരിയുന്നത് വസന്ത പഞ്ചമിക്കാലത്താണ്. കടുകുപാടങ്ങളിൽ മഞ്ഞപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ഈ കാലത്ത് മഞ്ഞ വസ്ത്രമണിയുന്നത് ആചാരത്തിന്റെ ഭാഗമാണ്.
വസന്തപഞ്ചമിയുടെ ഐതീഹ്യം
വസന്തപഞ്ചമിയുമായി ബന്ധപ്പെട്ട നിരവധി ഐതീഹ്യങ്ങൾ പ്രചാരത്തിലുണ്ട്. സൃഷ്ടിയുടെ പ്രാരംഭകാലഘട്ടത്തിൽ ബ്രഹ്മാവ് ജീവജാലങ്ങളെയും പ്രത്യേകിച്ച് മനുഷ്യവർഗ്ഗത്തെയും സൃഷ്ടിച്ചു. എന്നാൽ തന്റെ സർഗ്ഗാത്മകതയിൽ അദ്ദേഹം തൃപ്തനല്ലായിരുന്നു. എന്തോ ഒന്ന് നഷ്ടപ്പെട്ടതായി ബ്രഹ്മദേവന് അനുഭവപ്പെട്ടു. ചുറ്റും നിശബ്ദത തളംകെട്ടി നിൽക്കുന്നതായിരുന്നു കാരണം.
ഈ പ്രശ്നം പരിഹരിക്കാൻ, ബ്രഹ്മാവ് വിഷ്ണുവിനെ സ്തുതിച്ചു. ബ്രഹ്മാവിന്റെ സ്തുതി കേട്ട്, മഹാവിഷ്ണു ഉടൻ തന്നെ അദ്ദേഹത്തിന്റെ സന്നിധിയിൽ പ്രത്യക്ഷപ്പെട്ടശേഷം ,ആദിശക്തിയായ ദുർഗ്ഗാദേവിയെ സ്മരിച്ചു. ദുർഗ്ഗാദേവി ഉടൻ അവിടെ പ്രത്യക്ഷപ്പെടുകയും,
ബ്രഹ്മാദേവന്റെയും വിഷ്ണുവിന്റെയും വാക്കുകൾ ശ്രവിച്ച ദുർഗ്ഗാദേവിയുടെ ശരീരത്തിൽ നിന്ന് ഒരു കൈയിൽ വീണയും മറുകയ്യിൽ വരമുദ്രയുമുള്ള, മറ്റ് രണ്ട് കൈകളിൽ ഒരു പുസ്തകവും ജപമാലയുമുള്ള നാലുകൈകളുള്ള സുന്ദരിയായ ഒരു സ്ത്രീയുടെ രൂപമുയർന്നു വന്നു.
പ്രത്യക്ഷപ്പെട്ട ഉടൻ, ദേവി വീണയുടെ ശ്രുതിമധുരമായ നാദം പുറപ്പെടുവിച്ചു. അതോടെ നാദമുണ്ടായി. ലോകത്തിലെ എല്ലാ ജീവജാലങ്ങൾക്കും സംസാരശേഷി ലഭിച്ചു. ജലപ്രവാഹത്തിനും കൊടുങ്കാറ്റിനും പോലും ശബ്ദം ഉണ്ടായി.എല്ലാ ദേവതകളും വാക്കുകളും സത്തയും നൽകുന്ന ദേവിയെ സംസാരത്തിന്റെ അധിപയായ “സരസ്വതി” എന്ന് വിളിച്ചു.
തന്റെ ശക്തിയിൽ നിന്ന് ജനിച്ച ഈ സരസ്വതിദേവി ബ്രഹ്മദേവന്റെ ഭാര്യയാകും, ലക്ഷ്മി ശ്രീ മഹാവിഷ്ണുവിന്റെ ശക്തിയും പാർവതി മഹാദേവന്റെ ശക്തിയും എങ്ങിനെ ആയിരിക്കുന്നോ അതുപോലെ ഈ സരസ്വതി ദേവി ബ്രഹ്മദേവന്റെ ശക്തി ആയിരിക്കും , എന്ന് ദുർഗ്ഗാ ദേവി അരുളിച്ചെയ്തു. സരസ്വതിയിൽ പ്രസാദിച്ച മഹാവിഷ്ണു , വസന്തപഞ്ചമി നാളിൽ ലോകർ സരസ്വതിയെ ആരാധിക്കുമെന്ന് ഒരു വരം നൽകി.
മഹാകവി കാളിദാസന്റെ ജീവിതവുമായി ബന്ധപ്പെട്ട കഥയുമുണ്ട് വസന്ത പഞ്ചമിക്ക്. ഭാര്യയുടെ വേർപാട് അറിഞ്ഞ് കാളിദാസൻ നദിയിൽ ചാടി ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയപ്പോൾ, സരസ്വതി ദേവി നദിയിൽ നിന്ന് ഉയർന്നുവന്ന് കാളിദാസനോട് അതിൽ കുളിക്കാൻ ആവശ്യപ്പെട്ടു. പിന്നീട്, ഉൾക്കാഴ്‌ചയുള്ളതും കഴിവുള്ള കവിയായി വളർന്നതുമായ അദ്ദേഹത്തിന്റെ ജീവിതം രൂപാന്തരപ്പെട്ടു. ഇത് വസന്ത പഞ്ചമി നാളിൽ ആയിരുന്നു.
ഐശ്വര്യത്തിനും അറിവിനുമായി വസന്തപഞ്ചമി വ്രതവും പൂജയും അനുഷ്ടിക്കുന്നത് സാധാരണമാണ്. ഈ ദിവസം സരസ്വതീ ക്ഷേത്ര ദർശനം നടത്തേണ്ടതാണ്. സരസ്വതീ മന്ത്രങ്ങളും സ്തോത്രങ്ങളും ഉരുവിടണം.
ഈ ദിനം “ശ്യാമളാദണ്ഡകം” ചൊല്ലുക പുണ്യദായകമാണ് .
കാളിദാസന്റെ ആദ്യ കൃതി “ശ്യാമളാദണ്ഡകം” മുഴുവനായി ചൊല്ലാൻ കഴിയാത്തവർ അതിന്റെ താഴെക്കൊടുത്തിരിക്കുന്ന ആദ്യ ശ്ലോകങ്ങൾ പറ്റുന്നത്ര തവണ ജപിക്കുക.
മാണിക്യവീണാമുപലാളയന്തീം
മദാലസാം മഞ്ജുളവാഗ്വിലാസാം ।
മാഹേന്ദ്രനീലദ്യുതികോമളാങ്ഗീം
മാതങ്ഗകന്യാം മനസാ സ്മരാമി ॥ 1 ॥ചതുർഭുജേ ചന്ദ്രകലാവതംസേ
കുചോന്നതേ കുങ്കുമരാഗശോണേ ।
പുണ്ഡ്രേക്ഷുപാശാങ്കുശപുഷ്പബാണ-
ഹസ്തേ നമസ്തേ ജഗദേകമാതഃ ॥ 2 ॥മാതാ മരതകശ്യാമാ മാതങ്ഗീ മദശാലിനീ ।
കടാക്ഷയതു കല്യാണീ കദംബവനവാസിനീ ॥ 3 ॥ജയ മാതംഗതനയേ ജയ നീലോത്പലദ്യുതേ ।
ജയ സംഗീതരസികേ ജയ ലീലാശുകപ്രിയേ ॥ 4 ॥
വിദ്യാർത്ഥികൾ ഈ ദിവസം ക്ഷേത്രദർശനം നടത്തുന്നത് അറിവ് നേടാനും പരീക്ഷയിൽ ഉന്നത വിജയം ലഭിക്കാനും നല്ലതാണ്. സരസ്വതീ ദേവിക്ക് ഈ ദിവസം മഞ്ഞപ്പൂക്കൾ സമർപ്പിക്കണം.
പഞ്ചമി തിഥി 2025 ഫെബ്രുവരി രണ്ടാം തിയതി 09:14 AM മുതൽ ഫെബ്രുവരി മൂന്നാം തീയതി 06:53 AM വരെയാണ്.
മറ്റുള്ള വർഷങ്ങളിൽ നിന്ന് വ്യത്യസ്‍തമായി 2025 ലെ വസന്തപഞ്ചമി കുംഭമേളയുടെ സാന്നിധ്യം കൊണ്ട് കൂടി അന്യഗൃഹീതമാണ്. ഈ ദിവസത്തിൽ പുണ്യ തീർത്ഥ സ്നാനങ്ങൾ ചെയ്യുന്നത് ഫലപ്രദമാണ്. കുംഭമേളയിൽ പോകാൻ കഴിയാത്തവർ തങ്ങളുടെ വാസസ്ഥലത്തിനു സമീപമുള്ള ക്ഷേത്രക്കുളങ്ങളിലോ സ്നാനഘട്ടങ്ങളിലോ നദിയിലോ സ്നാനം നടത്തുക.
ഏവർക്കും ഭക്തിസാന്ദ്രമായ ഒരു വസന്തപഞ്ചമി ആശംസിക്കുന്നു.















