മലപ്പുറം: എളങ്കൂരിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജ (25) കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു മരിച്ചത്. നിലവിൽ ഭർത്താവ് പ്രഭിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
2023ൽ ആയിരുന്നു എളങ്കൂർ സ്വദേശി പ്രഭിനും വിഷ്ണുജയും തമ്മിലുള്ള വിവാഹം. ഭർത്താവിന്റെ മാനസിക പീഡനമാണ് വിഷ്ണുജയുടെ ആത്മഹത്യക്ക് കാരണമെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.
സ്ത്രീധനം നൽകിയത് കുറവാണെന്നും ജോലി ഇല്ലെന്നും ഭംഗി പോരെന്നും പറഞ്ഞ് മാനസികമായി പീഡിപ്പിച്ചെന്നാണ് കുടുംബം പറയുന്നത്. ഭർത്താവിന്റെ ബന്ധുക്കളും ഇതിന് കൂട്ടുനിന്നതായി വിഷ്ണുജയുടെ വീട്ടുകാർ പറയുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത മഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.















