ന്യൂഡൽഹി: വിവാഹച്ചടങ്ങിൽ വരൻ ജനപ്രിയ ബോളിവുഡ് ഗാനത്തിന് ചുവടുവച്ചതോടെ കല്യാണം വേണ്ടെന്നുവെച്ച് വധുവിന്റെ പിതാവ്. സുഹൃത്തുക്കൾ സന്തോഷിപ്പിക്കാൻ വരൻ “ചോളി കെ പീച്ചേ ക്യാ ഹെ” എന്ന ഗാനത്തിന് നൃത്തം ചെയ്തതാണ് പിതാവിനെ പ്രകോപിപ്പിച്ചത്.
ഘോഷയാത്രയുമായാണ് വരൻ ന്യൂഡൽഹിയിലെ വേദിയിലെത്തിയത്. ആഘോഷത്തിനിടെ സുഹൃത്തുക്കൾ വരനെ തങ്ങൾക്കൊപ്പം നൃത്തം ചെയ്യാൻ ക്ഷണിച്ചു. എന്നാൽ ചോളി കെ പീച്ചേ ഗാനം കേട്ടതോടെ വരനും ആവേശം നിയന്ത്രിക്കാനായില്ല, അതിഥികൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ചേർന്ന് യുവാവും നൃത്തം ചെയ്തു. എന്നാൽ വധുവിന്റെ പിതാവിന് വരന്റെ പ്രവർത്തി അംഗീകരിക്കാനായില്ല.
വരന്റെ പ്രകടനം അനുചിതമെന്ന് പറഞ്ഞ് പ്രകോപിതനായ പിതാവ് ഉടൻതന്നെ കല്യാണച്ചടങ്ങുകൾ നിർത്തിവച്ചു. വരന്റെ പ്രവർത്തി തന്റെ കുടുംബത്തിന്റെ മൂല്യങ്ങളെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ച ഇയാൾ അരിശം മാറാതെ വേദിവിട്ടിറങ്ങിപോയി. വധു എന്തുചെയ്യണമെന്നറിയാതെ നിസഹായായി. വരൻ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും തീരുമാനം മാറ്റാൻ പിതാവ് തയാറായില്ല. വാർത്ത സമൂഹമദ്ധ്യമങ്ങളിൽ തരംഗമായതോടെ മകളും വരന്റെ കുടുംബവും തമ്മിൽ ബന്ധം തുടരുന്നതും ഇയാൾ വിലക്കി.