ലക്നൗ: മഹാകുംഭമേളയ്‌ക്കിടെ കഴിഞ്ഞ ദിവസമുണ്ടായ സംഭവവികാസങ്ങൾക്ക് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കർശന നിർദേശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വസന്തപഞ്ചമി നാളിൽ നടക്കാനിരിക്കുന്ന അമൃത് സ്നാനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം പ്രയാഗ് രാജിൽ നടന്ന അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. വസന്തപഞ്ചമി ദിനത്തോടനുബന്ധിച്ച് നടക്കാനിരിക്കുന്ന ശോഭയാത്രയ്‌ക്ക് വേണ്ട എല്ലാ തയാറെടുപ്പുകളും കൃത്യ സമയത്ത് പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
അമൃത് സ്നാനത്തിൽ പങ്കെടുക്കുന്ന എല്ലാ വിശ്വാസികളുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് യോഗി ആദിത്യനാഥ് ആവർത്തിച്ചു. പാർക്കിംഗ് സ്ഥലം വർദ്ധിപ്പിക്കുക, തീർത്ഥാടകർക്ക് കഴിയുന്നത്ര നടക്കാനുള്ള സൗകര്യങ്ങൾ ഉറപ്പാക്കുക എന്നിവയാണ് പ്രധാനനിർദേശങ്ങൾ. ഇതിന് പുറമേ തിരക്കേറിയ സ്ഥലങ്ങളിലെ ഗതാതഗം നിയന്ത്രിക്കാൻ മുതിർന്ന ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും മുഖ്യമന്ത്രി നിർദേശം നൽകി.
വസന്തപഞ്ചമി ദിനത്തിലെ തിരക്ക് കണക്കിലെടുത്ത് വിഐപി പ്രോട്ടോക്കോൾ നിലവിൽ ഉണ്ടാകില്ലെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു. അമൃത് സ്നാനം സുഗമമായി നടക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ഉടനടി പൂർത്തിയാക്കണം, ഉറപ്പുള്ള ബാരിക്കേഡുകൾ സ്ഥാപിക്കുക, തിരക്ക് കൂടിയ സ്ഥലങ്ങളിൽ പ്രത്യേക സിഗ്നലുകൾ വയ്‌ക്കുക, കൂടുതൽ ലൈറ്റുകൾ സ്ഥാപിക്കണം, തിരക്കേറിയ സ്ഥലങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്നും മുഖ്യമന്ത്രി ഉത്തരവിട്ടു.
റോഡിന് ഇരുവശത്തുമുള്ള വഴിയോര കച്ചവടക്കാരെ പ്രത്യേക സ്ഥലങ്ങളിലേക്ക് മാറ്റണമെന്നും ആംബുലൻസ് സേവനങ്ങൾ കൃത്യസമയത്ത് ലഭ്യമാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.















