ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സിന് ശേഷം മറ്റൊരു വേറിട്ട കഥാപാത്രവുമായി മമ്മൂട്ടി. മമ്മൂട്ടിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ബേസിൽ ജോസഫ് കേന്ദ്ര കഥാപാത്രമായെത്തിയ ഫാലിമി എന്ന ചിത്രത്തിന് ശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി ജോയിന്റ് ചെയ്തിരിക്കുന്നത്. മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം നിതീഷ് സഹദേവ് ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
‘മമ്മൂക്കയോടൊപ്പം അടുത്ത പടം’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. തിരുവനന്തപുരം സ്ലാംഗിലുള്ള ഒരു ഗ്യാംങ്സ്റ്ററുടെ കഥ പറയുന്ന ചിത്രമാണ് വരാനിരിക്കുന്നതെന്നാണ് വിവരം. നിലവിൽ മഹേഷ് നാരായണന്റെ ചിത്രത്തിൽ അഭിനയിച്ചുക്കൊണ്ടിരിക്കുകയാണ് മമ്മൂട്ടി. ഇതിന് ശേഷമായിരിക്കും നിതീഷ് സഹദേവ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക.
മമ്മൂട്ടി കമ്പനിയും കാവ്യ ഫിലിംസും ചേർന്നാണ് സിനിമ നിർമിക്കുന്നത്. ബിഗ് ബജറ്റ് ചിത്രമായിരിക്കും വരാൻ പോകുന്നതെന്നാണ് സൂചനകൾ. വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
മമ്മൂട്ടിയുടെ ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ് മികച്ച പ്രതികരണം നേടി ബോക്സോഫീസിൽ മുന്നേറുകയാണ്. മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രവുമായാണ്
ഗൗതം വാസുദേവ് മേനോൻ മലയാളി പ്രേക്ഷകർക്ക് മുന്നിൽ എത്തിയതെന്നാണ് പ്രേക്ഷകർ പറയുന്നത്.















