കണ്ണൂര്‍ : സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്‌ക്ക് വിമര്‍ശനം. ADM നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലെ ദിവ്യയുടെ പ്രസംഗം ന്യായീകരിക്കാനാവാത്തതെന്നാണ് റിപ്പോർട്ടിലെ പരാമർശം.
യോഗത്തില്‍ തെറ്റായ പ്രസംഗമാണ് ദിവ്യ നടത്തിയതെന്നും ഇത് ന്യായീകരിക്കാന്‍ ആകുന്നതല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എഡിഎമ്മിന്റെ മരണത്തില്‍ സിപിഎം അനുശോചിച്ചു. ജില്ലാകമ്മിറ്റി അംഗങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗത്താണ് ദിവ്യക്കെതിരെയുള്ള വിമര്‍ശനം. യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെ എത്തിയതും തെറ്റായ പ്രസംഗവുമാണ് ദിവ്യ നടത്തിയത്. ഈ പശ്ചാത്തലത്തിലാണ് ദിവ്യയെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നുംപ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു.
നേതാക്കളുടെ അപക്വമായ പെരുമാറ്റവും പ്രതികരണങ്ങളും പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്നു എന്നും ജാഗ്രതക്കുറവ് പാർട്ടിക്ക് ബാധ്യത എന്നും പേര് പരാമർശിക്കാതെ വിമർശനമുണ്ട്.
എം വി ജയരാജനാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലാ സമ്മേളനത്തിലും മുഖ്യമന്ത്രി പിണറായി വിജയന്‍ പി പി ദിവ്യയെ തള്ളിപ്പറഞ്ഞിരുന്നു.















