ക്വലാലംപൂർ: തുടർച്ചയായ രണ്ടാംതവണയും അണ്ടർ 19 വനിതാ ടി20 ലോകകപ്പ് ജേതാക്കളായി ഇന്ത്യ. ക്വാലാലംപൂരിലെ ബയുമാസ് ഓവലിൽ നടന്ന ഫൈനലിൽ അവർ ദക്ഷിണാഫ്രിക്കയെ 9 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ അനായാസം കപ്പടിച്ചത്. 82 റൺസ് വിജയലക്ഷ്യം ഇന്ത്യ 11.2 ഓവറിൽ മറികടന്നു. ഇന്ത്യയ്‌ക്കായി ഓൾറൗണ്ട് പ്രകടനത്തിലൂടെ മൂന്ന് വിക്കറ്റ് വീഴ്‌ത്തുകയും പിന്നീട് 44 റൺസുമായി പുറത്താകാതെ മത്സരം പൂർത്തിയാക്കുകയും ചെയ്‌ത തൃഷ ഗോംഗഡി കളിയിലെയും പരമ്പരയിലെയും താരമായി.
നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യയുടെ ബൗളിംഗ് നിര 82 റൺസിന് എറിഞ്ഞുവീഴ്‌ത്തി. പവർപ്ലേ തീരുന്നതിന് മുൻപുതന്നെ ദക്ഷിണാഫ്രിക്കയ്‌ക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. 16 റൺസെടുത്ത ജെമ്മ ബൊത്തെ, 23 റൺസെടുത്ത മീകെ വാൻ വൂസ്റ്റ് എന്നിവരാണ് സ്കോർ 80 കടത്തിയത്. തൃഷ 15 റൺസിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ പരുണിക സിസോദിയ, വൈഷ്ണവി, ആയുഷി ശുക്ല എന്നിവർ രണ്ട് വിക്കറ്റ് വീതവും ഷബ്നം ഷക്കിൽ ഒരു വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി ഒന്നാംവിക്കറ്റിൽ 32 റൺസ് ചേർത്ത് കമാലിനി (8) മടങ്ങി. പിന്നീട് തൃഷ-ചാൽകെ സഖ്യം ഇന്ത്യയെ അനായാസം വിജയത്തിലേക്ക് നയിച്ചു. തൃഷ 44 (33) റൺസും സനിക ചാൽകെ 26 (22) റൺസും നേടി. ടൂർണമെന്റിൽ തോൽവിയറിയാതെയാണ് ഇന്ത്യ ലോകകപ്പ് കിരീടം സ്വന്തമാക്കുന്നത്. ടൂർണമെന്റിൽ ഇന്ത്യക്കായി ആറുവിക്കറ്റുകൾ നേടിയ വിജെ ജോഷിതയും ലോകകപ്പ് ടീമിലെ മലയാളി സാന്നിധ്യമായി.