കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് കാരണം പിപി ദിവ്യയെന്ന് തുറന്നുപറഞ്ഞ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. നവീൻ ബാബുവിന്റെ മരണത്തിലേക്ക് നയിച്ചത് യാത്രയയപ്പ് യോഗത്തിൽ ദിവ്യ നടത്തിയ പ്രസംഗത്തിലെ അവസാനത്തെ പരാമർശമാണെന്നത് സത്യമാണെന്നു എംവി ജയരാജൻ പറഞ്ഞു. കൂടാതെ മലയോരം, തീരദേശം, കണ്ണൂർ നഗരം എന്നിവിടങ്ങളിൽ പാർട്ടി ദുർബലമാണെന്നും സിപിഎം ജില്ലാ സെക്രട്ടറി ചൂണ്ടിക്കാട്ടി.
എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് പിപി ദിവ്യയെ തള്ളിപ്പറഞ്ഞുകൊണ്ട് ഇതാദ്യമായാണ് ഒരു സിപിഎം നേതാവ് രംഗത്തെത്തുന്നത്. മരണത്തിന് കാരണം പിപി ദിവ്യയുടെ പരാമർശമാണെന്ന് ബോധ്യമുള്ളതുകൊണ്ടാണ് അപ്പോൾ തന്നെ ദിവ്യയ്‌ക്കെതിരെ നടപടി എടുത്തതെന്നും ജയരാജൻ വിശദീകരിച്ചു.
കൂടാതെ മലയോരം, തീരദേശം, കണ്ണൂർ നഗരം എന്നിവിടങ്ങളിൽ പാർട്ടി ദുർബലമാവുകയാണെന്നും ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ ബിജെപിക്ക് വോട്ട് വർധിച്ചിട്ടുണ്ടെന്നും എംവി ജയരാജൻ തുറന്നുപറഞ്ഞു. സിപിഎം ജില്ലാ സമ്മേളനം തീരാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കേയാണ് ജില്ലാ സെക്രട്ടറി എം വി.ജയരാജന്റെ തുറന്നുപറച്ചിൽ.















