ബെംഗളൂരു: എട്ട് വയസുകാരി സ്കൂളിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് റിപ്പോർട്ട്. കർണാടകയിലെ മാണ്ഡ്യ ജില്ലയിലാണ് സംഭവം. സർക്കാർ സ്കൂൾ കെട്ടിടത്തിനുള്ളിൽ വച്ച് മൂന്ന് അജ്ഞാതർ ചേർന്നാണ് പെൺകുട്ടിയെ ഉപദ്രവിച്ചത്. ജനുവരി 31നായിരുന്നു സംഭവം.
മൂന്ന് ദിവസങ്ങൾക്ക് ശേഷം പെൺകുട്ടിക്ക് കലശലായ വയറുവേദനയും രക്തസ്രാവവും അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ തിരക്കിയപ്പോഴാണ് അക്രമത്തെക്കുറിച്ച് കുട്ടി തുറന്നുപറഞ്ഞത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഇതിന് പിന്നാലെ കുട്ടിയുടെ അമ്മയാണ് പൊലീസിനെ വിവരമറിയിച്ചത്. എട്ടുവയസുകാരി നിലവിൽ മാണ്ഡ്യയിലെ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.
വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന എട്ടുവയസുകാരിക്ക് ചോക്ലേറ്റ് നൽകി പ്രലോഭിപ്പിച്ചായിരുന്നു അക്രമികൾ കൂട്ടിക്കൊണ്ടുപോയത്. അടുത്തുള്ള സ്കൂൾ കെട്ടിടത്തിലേക്ക് എത്തിച്ച് ആളൊഴിഞ്ഞ ഭാഗത്ത് വച്ച് പീഡിപ്പിക്കുകയായിരുന്നു. കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്നായിരുന്നു അക്രമികൾ പറഞ്ഞത്. അതിനാൽ തിരിച്ച് വീട്ടിലെത്തിയ കുട്ടി ആക്രമണവിവരം മറച്ചുവെക്കുകയായിരുന്നു.
മാണ്ഡ്യ സെൻട്രൽ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ആക്രമണം നടന്ന സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. കുട്ടി ഈ സ്കൂളിലെ വിദ്യാർത്ഥിയല്ല.